CrimeNEWS

കവയിത്രി മധുമിത കൊലക്കേസ്: യു.പി. മുന്‍മന്ത്രിയും ഭാര്യയും ജയില്‍മോചിതരാകുന്നു

ലഖ്‌നൗ: കവിയത്രി മധുമിത ശുക്ല വധക്കേസില്‍ ജയിലിലായിരുന്ന മുന്‍ മന്ത്രി അമര്‍മണി ത്രിപാഠിയെയും ഭാര്യ മധുമണി ത്രിപാഠിയെയും മോചിപ്പിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മധുമിതയുടെ കുടുംബം. ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന്റെ ഉത്തരവില്‍ മധുമിതയുടെ സഹോദരി നിധി ശുക്ല ഞെട്ടല്‍ രേഖപ്പെടുത്തി. കേസില്‍ ജീവപര്യന്തം തടവിനാണു പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

അതേസമയം, സഹോദരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ കോടതിയലക്ഷ്യം ആരോപിച്ച് നിധി ശുക്ല നല്‍കിയ ഹര്‍ജിയിലെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. മധുമണിയുടെയും ഭാര്യയുടെയും മോചനത്തില്‍ ഇടപെടാനാവില്ലെന്നു പറഞ്ഞ കോടതി, വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

Signature-ad

നല്ല നടപ്പ് കണക്കിലെടുത്താണ് 17 വര്‍ഷത്തിനു ശേഷം പ്രതികളെ മോചിപ്പിക്കുന്നത് എന്നാണു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട്. ”ആ തീരുമാനം എനിക്കു ഞെട്ടലായി. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനും ഞാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതി. എന്തടിസ്ഥാനത്തിലാണ് മോചന ഉത്തരവ് പുറപ്പെടുവിച്ചത് എന്നു മനസ്സിലായിട്ടില്ല” നിധി പ്രതികരിച്ചു.

ഗവര്‍ണര്‍ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് ഉത്തരവില്‍ ഒപ്പിട്ടതെന്നും നിധി പറഞ്ഞിരുന്നു. വലിയ രാഷ്ട്രീയ നേതാക്കളെ കവിതകളിലൂടെ ഉന്നമിട്ടിരുന്ന മധുമിത 2003 മേയ് ഒന്‍പതിനാണു വെടിയേറ്റു കൊല്ലപ്പെട്ടത്. മരണസമയത്ത് ഇവര്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. മധുമിതയുമായുള്ള ബന്ധം അമര്‍മണി നിഷേധിച്ചിരുന്നെങ്കിലും ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ അമര്‍മണിയുടേതുമായി മാച്ച് ചെയ്യുന്നതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. 2007ല്‍ ആണ് പ്രതികളെ ശിക്ഷിച്ചത്.

 

 

Back to top button
error: