Lead NewsNEWS

ഐക്യത്തോടുള്ള പ്രവര്‍ത്തനം അനിവാര്യം: മുല്ലപ്പള്ളി

സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതമാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഐക്യവും അച്ചടക്കവും അനിവാര്യമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാമത് സ്ഥാപകദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പാര്‍ട്ടി പാതക ഉയര്‍ത്തിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ ധാരണ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പലതവണ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്.പതിനാലു ജില്ലകളിലെ നേതക്കളുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയശേഷം സംസ്ഥാനത്തുടനീളം ബിജെപിയും സിപിഎമ്മും തമ്മില്‍ നടത്തിയ ധാരണയുടെയും വോട്ടുകച്ചവടത്തിന്റെയും പൂര്‍ണ്ണമായ വിവരം കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധമായ കൃത്യമായ രേഖകള്‍ കോണ്‍ഗ്രസ് ഉടനടി പുറത്തുവിടും.

Signature-ad

ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കി

ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. താന്‍ അധ്യക്ഷ പദവിയിലെത്തിയ ശേഷം അത് ഉറപ്പുവരുത്താന്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ട്. അച്ചടക്കത്തോടും ഐക്യത്തോടുമുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന് ആവശ്യം.ആശയ സമരം എക്കാലത്തും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്.എന്നാലത് വ്യക്തിഗത സംഘര്‍ഷമായി തെരുവിലേക്ക് വലിച്ചിഴച്ച അവസ്ഥ ഒരിക്കലും എത്തിയിട്ടില്ല.അത്തരം പ്രവണത പാര്‍ട്ടിയുടെ നന്മ ആഗ്രഹിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജനഹൃദയങ്ങളില്‍ ശക്തമായ വേരോട്ടമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.അഹിംസാ മാര്‍ഗത്തിലൂടെ രാജ്യത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യം.സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ പട്ടിണിയില്‍ നിന്നും വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വളരെ വലുതാണ്.ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് കോണ്‍ഗ്രസാണ്.ഭക്ഷ്യകാര്യത്തില്‍ നാം സ്വയംപര്യപ്ത്തരായി.ഭക്ഷ്യ സുരക്ഷാ നിയമം പാസ്സാക്കി.കാര്‍ഷിക രംഗത്ത് വമ്പിച്ച വിപ്ലവം സൃഷ്ടിച്ചു.എന്നും കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി പോരാടിയ പ്രസ്ഥാനം കോണ്‍ഗ്രസാണ്.കൃഷി ഭൂമി കൃഷിക്കാരനെന്ന ആശയം പ്രാവര്‍ത്തികമാക്കി. ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതും കോണ്‍ഗ്രസാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഇന്ത്യന്‍ ഫാസിസത്തിന്റെ ബീഭത്സ മുഖം

ആറുവര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ഫാസിസത്തിന്റെ ബീഭത്സ മുഖമാണ്.ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ക്കുന്നു.രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലച്ചു.പൊതുമേഖലാ ബാങ്കുകള്‍ ആകെ തകര്‍ത്തു.ഇന്ത്യന്‍ റെയില്‍വെയ വില്‍പ്പനയ്ക്കു വച്ചു.കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി രാജ്യത്തെ പണയപ്പെടുത്തി. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് വച്ചു.കൃഷിക്കാരുടെ വികാരം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി ആസ്ഥാനത്ത് നിന്നും പാളയം യുദ്ധസ്മാരകത്തിലേക്ക് നടന്ന പ്രതിഷേധ റാലിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതൃത്വം നല്‍കി.

എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,എഐസിസി സെക്രട്ടറി ഇവാന്‍ ഡിസൂസ,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്,വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരന്‍,മണ്‍വിള രാധാകൃഷ്ണന്‍,കെസി റോസക്കുട്ടി,ജനറല്‍ സെക്രട്ടറിമാരായ കെപി അനില്‍കുമാര്‍,പാലോട് രവി,മണക്കാട് സുരേഷ്,രതികുമാര്‍,മാത്യൂകുഴല്‍ നാടന്‍,ജ്യോതികുമാര്‍ ചാമക്കാല,പഴകുളം മധു,എംഎം നസ്സീര്‍,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ബെന്നി ബെഹനാന്‍ എംപി,എംഎല്‍എമാരായ വിഎസ് ശിവകുമാര്‍,എം വിന്‍സന്റ്,കെപിസിസി സെക്രട്ടിമാര്‍,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നേതാക്കള്‍ കെപിസിസിയില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.

Back to top button
error: