ന്യൂഡല്‍ഹി: പബ്ജിയിലൂടെ പരിജയപ്പെട്ട കാമുകനൊപ്പം കഴിയാന്‍ അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സമാനമായ മറ്റൊരു സംഭവം ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തന്നേയും ഭര്‍ത്താവിനേയും ഒന്നിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശുകാരിയായ സോണിയ അക്തര്‍ എന്ന യുവതി ഉത്തര്‍പ്രദേശ് പോലീസിനെ സമീപിച്ചിരിക്കുന്നത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍വെച്ച് മൂന്ന് വര്‍ഷം മുന്‍പായിരുന്നു സൗരഭ് കാന്ത് തിവാരി യുവതിയെ വിവാഹം ചെയ്തത്. എന്നാല്‍, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. സെന്‍ട്രല്‍ നോയിഡയിലെ സുരജ്പുര്‍ സ്വദേശിയാണ് ഭര്‍ത്താവെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് ഇപ്പോള്‍ വിവാഹം ചെയ്തതായി സമ്മതിക്കുന്നില്ല. അയാള്‍ എന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നില്ലെന്നും യുവതി പോലീസില്‍ പരാതിയായി പറഞ്ഞു.
സോണിയയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ ജോലിയുടെ ഭാഗമായി 2017 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ തിവാരി ധാക്കയില്‍ താമസിക്കുകയായിരുന്നു. അവിടെ വച്ച് 2021 ഏപ്രില്‍ 14ന് ഇസ്ലാമിക ആചാരപ്രകാരം ഇരുവരും തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ ഇന്ത്യയില്‍ വച്ച് നേരത്തെ തന്നെ വിവാഹം കഴിക്കുകയും അതില്‍ രണ്ട് കുട്ടികളുണ്ടെന്നും പോലീസ് പറയുന്നു.