കോഴിക്കോട്: തിരുവോണം ബമ്പര്‍ എന്നപേരില്‍ ഓണസമ്മാനമായി നറുക്കെടുപ്പിലൂടെ വിദേശമദ്യം വിതരണംചെയ്യാന്‍ കൂപ്പണ്‍ പ്രിന്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ എക്സൈസിന്റെ പിടിയില്‍. ബേപ്പൂര്‍ ഇട്ടിച്ചിറപ്പറമ്പ് കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തിനെ(36)യാണ് കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത് ബാബുവും സംഘവും ചൊവ്വാഴ്ച അറസ്റ്റുചെയ്തത്.
ഒന്നാം സമ്മാനം, രണ്ടാം സമ്മാനം എന്നിങ്ങനെ വിവിധ ബ്രാന്‍ഡ് മദ്യമാണ് ഇയാള്‍ നല്‍കാനായി കൂപ്പണില്‍ അടിച്ചിരുന്നത്. ആയിരംകൂപ്പണുകളാണ് ഇയാള്‍ നറുക്കെടുപ്പിനായി അടിച്ചിരുന്നത്. അതില്‍ 700 വില്‍പ്പന നടത്താത്ത കൂപ്പണുകളും 300 എണ്ണം വില്‍പ്പന നടത്തിയതിന്റെ കൗണ്ടര്‍ഫോയിലുകളും എക്സൈസ് പിടിച്ചെടുത്തു. അബ്കാരി ആക്ട് 55 എച്ച് പ്രകാരമാണ് ഇയാളുടെപേരില്‍ കേസെടുത്തത്.
അതേസമയം, ഓണക്കാലത്ത് ക്ലബ്ബുകളോ കലാ സാംസ്‌കാരിക സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് മദ്യം സമ്മാനമായി നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് എക്‌സൈസ് അറിയിച്ചു. സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്കും മദ്യം സമ്മാനമായി നല്‍കുന്നത് നിയമവിരുദ്ധമാണ്. ഓണക്കാലത്ത് ഇത്തരം രീതികള്‍ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എക്‌സൈസിന്റെ മുന്നയിപ്പ്.
മദ്യം സമ്മാനമായി നല്‍കുമെന്ന് കാട്ടി കൃത്രിമമായി തയാറാക്കുന്ന മത്സരകൂപ്പണുകളും ചിലര്‍ ശ്രദ്ധ നേടാനായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ നോട്ടിസുകള്‍ കണ്ട് അനുകരിക്കരുതെന്നും എക്‌സൈസ് പറയുന്നു.
മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നല്‍കുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണ്. ആറുമാസംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടി ചേര്‍ന്നതോ ആണ് ശിക്ഷ. പല രസീതുകളിലും മേല്‍വിലാസമോ ഫോണ്‍ നമ്പറോ ഇല്ലാത്തതിനാല്‍ പരിശോധനയ്ക്ക് എക്‌സൈസിനു പരിമിതികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.