HealthLIFE

ഇന്ന് ലോക കൊതുകുദിനം… കൊതുകുജന്യ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍

ന്ന് ഓഗസ്റ്റ് 20, ലോക കൊതുകുദിനം ആണ്. കൊതുകുജന്യ രോഗങ്ങൾ, അഥവാ കൊതുകുകൾ പരത്തുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഈ രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെ കുറിച്ച് കൂടുതൽ അറിവുകൾ പകരുന്നതിനുമെല്ലാമാണ് ഇന്നേ ദിവസം കൊതുകുദിനമായി ആചരിക്കുന്നത്. നമുക്കറിയാം ഡെങ്കിപ്പനി, മലേരിയ, സിക വൈറസ്, വെസ്റ്റ് നൈൽ പനി പോലെ വളരെ ഗൗരവമേറിയ പല രോഗങ്ങളും പരത്തുന്നത് കൊതുകുകളാണ്. ഓരോ വർഷവും ഈ രോഗങ്ങൾ മൂലം മരിക്കുന്നവർ നിരവധിയാണ്. അതിനാൽ തന്നെ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് കൊതുകുദിനത്തിൽ കൊതുകുകടിയേൽക്കാതിരിക്കാനുള്ള, അങ്ങനെ രോഗങ്ങളെ ചെറുക്കാനുള്ള മാർഗങ്ങൾ/ മുന്നൊരുക്കങ്ങളാണ് പങ്കുവയ്ക്കുന്നത്.

ഒന്ന്…

Signature-ad

കൊതുകുകടിയേൽക്കാതിരിക്കാൻ ഇന്ന് പല ക്രീമുകളും മൊസ്കിറ്റോ റിപ്പലൻറ്സുമെല്ലാം വിപണിയിൽ സുലഭമാണ്. കൊതുകുശല്യമുള്ളയിടത്ത് ഏറെ നേരം തുടരുന്നുവെങ്കിൽ- അല്ലെങ്കിൽ കൊതുകുശല്യമുള്ളയിടത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ തീർച്ചയായും ഇവ ഉപയോഗിക്കാൻ കരുതലെടുക്കുക.

രണ്ട്…

വീട്ടിലോ മറ്റ് കെട്ടിടങ്ങളിലോ കൊതുകുകൾ അകത്ത് പ്രവേശിക്കാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാം. നെറ്റ് അടിക്കുന്നതാണ് ഇതിന് ഏറ്റവും ഫലപ്രദമായി ഇന്ന് ലഭ്യമായിട്ടുള്ള മാർഗം.

മൂന്ന്…

കൊതുകുകടിയേൽക്കാതിരിക്കാൻ വസ്ത്രധാരണത്തിലും അൽപം ശ്രദ്ധയാകാം. കഴിവതും ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. കൈകളും കാലുകളുമെല്ലാം മുഴുവനായി മറയുന്ന വസ്ത്രങ്ങൾ ധരിക്കാം. പ്രത്യേകിച്ച് കൊതുകുശല്യമുള്ളയിടങ്ങളിൽ പുറത്തിരിക്കുമ്പോഴോ, നടക്കാൻ പോകുമ്പോഴോ എല്ലാം.

നാല്…

വീട്ടിലോ നിങ്ങൾ ഏറെ സമയം ചെലവിടുന്ന ഇടങ്ങളിലോ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യമുണ്ടാക്കാതിരിക്കുക. വെള്ളം കെട്ടിക്കിടക്കുന്നതാണ് പ്രാഥമികമായും തടയേണ്ടത്. കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ പെറ്റുപെരുകുന്നത്. ഉപയോഗിക്കാത്ത പാത്രങ്ങളോ ചിരട്ടകളോ പ്ലാസ്റ്റിക് കുപ്പികളോ സഞ്ചികളോ എല്ലാം അലക്ഷ്യമായി ചുറ്റുപാടുകളിൽ ഇടാതിരിക്കുന്നതിലൂടെയും കുറ്റിക്കാടും പുല്ലും വൃത്തിയാക്കുന്നതിലൂടെയുമെല്ലാം ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

അഞ്ച്…

കൊതുകുജന്യ രോഗങ്ങളെ കുറിച്ചും അവയുടെ ഗൗരവത്തെ കുറിച്ചും കൃത്യമായ അവബോധമുണ്ടാകണം. ഇത് സ്വയം മാത്രമുണ്ടായാൽ പോര, നമുക്ക് ചുറ്റുമുള്ളവർക്കും ഉണ്ടായിരിക്കണം. അതിന് കാര്യമായ പ്രവർത്തനങ്ങൾ തന്നെ വേണം.

Back to top button
error: