മലപ്പുറം: താനൂരിലെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സർജൻ ഡോ ഹിതേഷ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന്റെ തുടക്കം മുതൽ അവസാനം വരെ വീഡിയോഗ്രാഫി ചെയ്തിട്ടുണ്ടെന്നും താൻ ഉൾപ്പടെ മൂന്നു ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോർട്ടം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിലെ പരിക്കുകൾ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചു കൊടുത്തിരുന്നു. മരണകാരണ സാധ്യതകളാണ് പോസ്റ്റുമോർട്ടം റിപ്പേർട്ടിൽ ചൂണ്ടികാട്ടുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ അനുവധിക്കില്ലെന്നും ഡോ ഹിതേഷ് പറഞ്ഞു. ഞാൻ ഒരു പൊലീസുകാരന്റെയും കാലുപിടിച്ചിട്ടില്ല. ഹൈകോടതി അഞ്ചു വർഷം മുമ്പ് തള്ളിയ കേസിനെ കുറിച്ച് പൊലിസ് പറയുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും ഡോ ഹിതേഷ് കൂട്ടിചേർത്തു.
നേരത്തെ ഫോറൻസിക് സർജനായ ഡോ ഹിതേഷിനെതിരെ പൊലീസിന്റെ റിപ്പേർട്ട് പുറത്തുവന്നിരുന്നു. താമിർ ജിഫ്രിയുടെ മരണ കാരണം അമിത ലഹരി ഉപയോഗവും ഹൃദ്രോഗവും ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തന്നെ വ്യക്തമാണെന്നിരിക്കെ ശരീരത്തിലേറ്റ പരിക്കുകൾ മരണകാരണമായെന്ന് എഴുതി ചേർത്തത് ബോധപൂർവ്വമാണെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ആന്തരികവയവ പരിശോധന ഫലം വരും മുമ്പ് മഞ്ചേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് മേധാവി എങ്ങനെ ഈ നിഗമനത്തിലെത്തിയെന്നയിരുന്നു പൊലീസിന്റെ ചോദ്യം.
അടുത്ത ബന്ധുവിനെതിരെ തൃശൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർക്കാൻ ഹിതേഷ് ശ്രമിച്ചിരുന്നുവെന്നും അതിന് പൊലീസ് വഴങ്ങാത്തതിലെ വിരോധം തീർക്കുകയായിരുന്നു സർജനെന്നുമുള്ള ഗുരുതര അരോപണമായിരുന്നു രഹസ്യാന്വേഷണ വിഭാഗം ഉയർത്തിയത്. അമിതമായി ലഹരി ഉപയോഗിക്കുന്ന ആളായിരുന്നു താമിർ ജിഫ്രി. ഗുരുതര ഹൃദ്രോഗവും ഉണ്ടായിരുന്നു. സിപ് ലോക്കവറിലാക്കിയ ലഹരി മരുന്ന് ജിഫ്രി വിഴുങ്ങിയെന്നും അത് വയറിൽ കിടന്ന് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇത്രയേറെ തെളിവുണ്ടായിട്ടും ശരീരത്തിൽ ഏറ്റ മർദ്ദനം മാത്രം എടുത്തുകാണിച്ച് മരണ കാരണം എഴുതിയതിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. വിദഗ്ധരായ ഡോക്ടർമാരുടെ സംഘം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.