KeralaNEWS

ചിങ്ങമായിട്ടും മഴ കനിയാത്തതോടെ ദുരിതത്തിലായി ഓണ പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകർ

മാവൂർ: ചിങ്ങമായിട്ടും മഴ കനിയാത്തതോടെ ദുരിതത്തിലായി ഓണ പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകർ. ഉണങ്ങിത്തുടങ്ങിയ മണ്ണ് ഉഴുതുമറിക്കാനാവാത്തത് കൊണ്ട് കോഴിക്കോട് മാവൂരിലെ നെൽകർഷകർ മുളപ്പിച്ച ഞാറ് ഉണങ്ങിത്തുടങ്ങിയ സ്ഥിതിയാണ്. മഴ പെയ്യുന്നത് വരെ പിടിച്ചുനിൽക്കാൻ പാടത്ത് വെള്ളം പമ്പ് ചെയ്യുകയാണ് കർഷകർ. സാധാരണ ഞാറു പറിച്ചുനടുന്ന ചിങ്ങമാസത്തിൽ പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാറാണ് കർഷകരുടെ പതിവ്. ഇത്തവണയിവർക്ക് മഴ കിട്ടിയിട്ട് 23 ദിവസമായി. ഉണങ്ങിത്തുടങ്ങിയ പാടത്ത് എത്ര പമ്പ് ചെയ്തിട്ടും വെള്ളം നിൽക്കുന്നുമില്ല. ചെളിയായി ഉഴുതുമറിക്കാതെ എങ്ങനെ ഞാറു നടുമെന്നാണ് കർഷകനായ രമേശൻ ചോദിക്കുന്നത്.

രണ്ടാഴ്ചയായി മുളപ്പിച്ച വിത്തുകൾ പറിച്ചുനടാത്തത് കൊണ്ട് ഉണങ്ങിത്തുടങ്ങി. ഇതോടൊപ്പം ഉണങ്ങുന്നത് കർഷകരുടെ പ്രതീക്ഷകളുമാണ്. കഴിഞ്ഞ തവണ വാഴക്കൃഷിയിൽ വന്ന നഷ്ടം തീർക്കാനാണ് പ്രഭാകരൻ പച്ചക്കറിയിൽ പ്രതീക്ഷ വെച്ചത്. വെള്ളമില്ലാത്തത് കൊണ്ട് മുരടിച്ച് നിൽക്കുന്ന കയ്പക്ക മുതൽ കൃഷിയിറക്കിയതൊന്നും ഇനി വിപണിയിലെത്തിക്കാനാവില്ലെന്നും പ്രഭാകരൻ പറയുന്നു. നെല്ലും പച്ചക്കറിയും മാത്രമല്ല തെങ്ങും കവുങ്ങും വരെ ഉണങ്ങിത്തുടങ്ങി. അവകൂടി നനയ്ക്കാൻ മാത്രം വെള്ളം കിട്ടാനില്ല. ഒരാഴ്ചയ്ക്കുള്ളിൽ മഴയെത്തിയില്ലെങ്കിൽ സ്വന്തം വീട്ടിലുണ്ണാനുള്ളതിനുള്ള വകപോലുമിവർക്കീ വെള്ളം വറ്റിയ പാടത്ത് നിന്ന് കിട്ടില്ലെന്ന് ഉറപ്പാണ്. നേരത്തെ കാലവർഷം പകുതി പിന്നിട്ടിട്ടും പാലക്കാട് മഴ മാറി നിൽക്കുന്നത് കൃഷിയെയും ജലസേചന പദ്ധതികളേയും ബാധിച്ചിരുന്നു.

Signature-ad

ഞാറ്റുവേല കലണ്ടർ താളം തെറ്റിയതോടെ, കതിരിടും മുൻപ് പാലക്കാട്ടെ പാടശേഖരങ്ങൾ വരണ്ടുണങ്ങിയ സ്ഥിതിയാണ് പാലക്കാടുമുള്ളത്. തിരുവാതിര തിരി മുറിയാതെ എന്ന പഴഞ്ചാല്ല് അടുത്ത കാലം വരെ പാലക്കാട് യാഥാർത്ഥ്യമായിരുന്നു. ജൂണിൽ തുടങ്ങി സെപ്തംബർ വരെ മഴയുടെ സമൃദ്ധിയായിരുന്നു. എന്നാൽ ഇക്കുറി കണക്ക് പാളി. തിരുവാതിര ഞാറ്റുവേല കഴിഞ്ഞ് പൂയം എത്തിയിട്ടും മഴ മാത്രമില്ല. ഇങ്ങനെ പോയാൽ, കതിരിടും മുമ്പേ നെൽച്ചെടി കരിഞ്ഞുണങ്ങുമെന്നാണ് കർഷകർ പ്രതികരിക്കുന്നത്.

Back to top button
error: