KeralaNEWS

‘കെ ഫോണി’ല്‍ സര്‍ക്കാരിനു നഷ്ടം 36 കോടി; വിശദീകരണം തേടി സിഎജി

തിരുവനന്തപുരം: കെ ഫോണ്‍ കരാറില്‍ സര്‍ക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി പരാമര്‍ശം. ബെല്‍ കണ്‍സോര്‍ഷ്യത്തിനു പലിശരഹിത മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കി പര്‍ച്ചേസ്, സിവിസി മാനദണ്ഡങ്ങള്‍ ലംഘിച്ചതായാണ് സിഎജി കണ്ടെത്തല്‍. വ്യവസ്ഥകള്‍ മറികടന്നു നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതില്‍ സിഎജി സര്‍ക്കാരിനോടു വിശദീകരണം തേടി.

2018ലാണ് സിഎജി ഓഡിറ്റിനു ആധാരമായ സംഭവം. പലിശയിനത്തിലാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചത്. കെഎസ്ഇബി ഫിനാന്‍സ് ഓഫീസറുടെ നിര്‍ദ്ദേശം പോലും അവ?ഗണിച്ചാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ കെഎസ്‌ഐടിഎല്‍ തയ്യാറായത്.

Signature-ad

1531 കോടിക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്. കരാര്‍ തുകയില്‍ സാധനങ്ങള്‍ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ്. വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തി 109 കോടി രൂപ അഡ്വാന്‍സ് നല്‍കിയെന്നും അതുവഴി 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കണ്ടെത്തല്‍. ഇക്കാര്യത്തിലാണ് സിഎജി സര്‍ക്കാരിനോടു വ്യക്തത തേടിയിരിക്കുന്നത്.

സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ അനുസരിച്ച് മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ കൂടി ഉള്‍പ്പെടുന്നതാണ്. എന്നാല്‍ ബെല്ലിനു നല്‍കിയ കരാറില്‍ പലിശ ഒഴിവാക്കിയിരുന്നു. പലിശ ഒഴിവാക്കി നല്‍കണമെങ്കില്‍ ആരാണോ കരാര്‍ കൊടുത്തത് അവരുടെ ബോര്‍ഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ വ്യവസ്ഥ. കെ ഫോണിന്റെ ടെന്‍ഡറില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സിനെക്കുറിച്ചു പറയുന്നില്ല.

അഡ്വാന്‍സ് നല്‍കുന്നുണ്ടെങ്കില്‍ നിലവിലെ എസ്ബിഐ നിരക്കിലും മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കാന്‍ കെഎസ്ഇബി ഫിനാന്‍സ് അഡൈ്വസര്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബെല്ലുമായുണ്ടാക്കിയ കരാര്‍ പലിശരഹിതമായിരുന്നു. ഇതോടെ പലിശയിനത്തില്‍ മാത്രം സര്‍ക്കാരിനു ലഭിക്കേണ്ട 36,35,57,844 കോടിയാണ് നഷ്ടമായതെന്നു സിഎജി ചൂണ്ടിക്കാട്ടുന്നു.

Back to top button
error: