പാലക്കാട്: പ്രതിയുടെ പേന പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കലാക്കിയ സംഭവത്തില്‍ തൃത്താല എസ്എച്ചഒ: വിജയകുമാരനെതിരെ നടപടിക്ക് ശുപാര്‍ശ. ജില്ലാ പേലീസ് മേധാവിയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. കാപ്പ കേസ് പ്രതിയായ ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ: വിജയകുമാര്‍ കൈവശപ്പെടുത്തിയത്. 60,000 രൂപയോളം വില വരുന്ന പേനയാണിത്.
ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. കാപ്പ നടപടികള്‍ക്ക് വേണ്ടി തൃത്താല സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയത്.
അതേസമയം, പിറവം അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പരീത്, ബൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇരുവര്‍ക്കുമെതിരെ ആലുവ റൂറല്‍ എസ്പി: നടപടിയെടുത്തത്. വെള്ളത്തിലിറങ്ങിയ സ്ത്രീകളെ സംരക്ഷിക്കാനെന്ന വ്യാജേന പോലീസുകാര്‍ കടന്നുപിടിക്കു കയായിരുന്നു.സ്ത്രീകള്‍ തള്ളിമാറ്റിയെങ്കിലും ഇവര്‍ വീണ്ടും കടന്നു പിടിച്ചതോടെ ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും തടഞ്ഞുവച്ചു മര്‍ദ്ദിച്ചശേഷം രാമമംഗലം പോലീസിന് കൈമാറുകയായിരുന്നു.
സംഭവം പോലീസില്‍ അറിയിച്ചെങ്കിലും ഒത്തുതീര്‍പ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ആദ്യം ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ത്രീകള്‍ പരാതിയില്‍ ഉറച്ച് നിന്നതോടെയാണ് കേസെടുത്തത്. പരാതിക്കാരായ യുവതികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.