എൽ നിനോ’ പ്രതിഭാസം: ഇന്ത്യയിൽ ഈ വർഷം മഴകുറയും; ;ചൂട് കൂടും

ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ.
യു.എസ്. ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫറിക്(എൻ.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽനിനോ ശക്തിപ്രാപിക്കും. തത്‌ഫലമായി ഇന്ത്യയിൽ ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാം.
എൻ.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൻ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.
ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. ചരിത്രപരമായി ഇന്ത്യയിൽ എൽനിനോ കാലത്ത് മൺസൂൺ മഴ കുറയുന്നതായി കണ്ടുവരുന്നു. 1980 മുതൽ 14 തവണ എൽനിനോ ഉണ്ടായി. ഇതിൽ ഒൻപത് തവണയും മൺസൂൺമഴ സാധാരണയിലും കുറവാണ് ലഭിച്ചത്.
അതേസമയം, 1997-ൽ എൽ നിനോ ഉണ്ടായിട്ടും ഇന്ത്യയിൽ മൺസൂൺകാലം സാധാരണമായിരുന്നു. പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മൺസൂൺ കാറ്റുകളുടെ ശക്തികുറയാനിടയാക്കും.






