കൊച്ചി: സ്വാതന്ത്ര്യസമരകാലത്തു വി.ഡി.സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികന്‍ ആയിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലാണു ജയരാജന്റെ അഭിപ്രായപ്രകടനം.
”ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോ? ഇപ്പോള്‍ ഒരുപക്ഷേ അവര്‍ സവര്‍ക്കറെക്കുറിച്ച് പറയുമായിരിക്കും. എന്നാല്‍, അദ്ദേഹം അക്കാലത്ത് അവരുടെ ഒപ്പമായിരുന്നില്ല. സവര്‍ക്കര്‍ അക്കാലത്തു തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു. ആ സാഹസിക പ്രവൃത്തിയിലേര്‍പ്പെട്ട് അദ്ദേഹം ആന്‍ഡമാന്‍ ജയിലിലായി. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭരണത്തിനു കീഴില്‍ ജയിലില്‍നിന്നു പുറത്തുവരാന്‍ സാധിക്കില്ലെന്ന അവസ്ഥയിലെത്തി.
ഈ സാഹചര്യത്തില്‍ ഹിന്ദു മഹാസഭക്കാര്‍ അദ്ദേഹത്തെ സമീപിച്ചു. ബ്രിട്ടിഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ബ്രിട്ടീഷ് സായിപ്പിന് അദ്ദേഹം മാപ്പെഴുതി കൊടുത്തു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കാതെ, ഇനി ജീവിതകാലം മുഴുവന്‍ ബ്രിട്ടീഷ് സേവകനായി പ്രവര്‍ത്തിച്ചു കൊള്ളാമെന്നു സവര്‍ക്കര്‍ ദയാഹര്‍ജി കൊടുത്തു. അങ്ങനെയാണ് അദ്ദേഹത്തെ ജയിലില്‍നിന്നു മോചിപ്പിച്ചത്.
ആര്‍എസ്എസുകാരനായി പിന്നീട് സേവനം നടത്തി, ഇന്ത്യയുടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഫാഷിസ്റ്റ് ശക്തിയായി പ്രവര്‍ത്തിച്ച, വര്‍ഗീയവാദിയായി പില്‍ക്കാല ജീവിതം നയിച്ച സവര്‍ക്കറുടെ ജന്മദിനത്തിലാണു പുതിയ പാര്‍ലമെന്റ് കെട്ടിടം ബിജെപിയുടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തത്.
രാജ്യത്തിന്റെ ഏറ്റവും വലിയ സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയെപ്പോലും ചടങ്ങിനു ക്ഷണിച്ചില്ല. രാഷ്ട്രപതി ഒരു സ്ത്രീയാണ്. സ്ത്രീസ്വാതന്ത്ര്യം നിഷേധിക്കുന്നവരാണ് ആര്‍എസ്എസുകാര്‍. സവര്‍ണാധിപത്യ ധര്‍മങ്ങള്‍ക്കു വേണ്ടി നിലയുറപ്പിച്ചിട്ടുള്ളതിനാലാണു ബിജെപി-ആര്‍എസ്എസ് രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നത്” ജയരാജന്‍ പറഞ്ഞു.