കൊച്ചി: കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം. സി.എന്‍.ജി. നിറയ്ക്കാന്‍ വന്ന യാത്രക്കാരോട് വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രണ്ടു ദിവസത്തിനുശേഷം ആളെക്കൂട്ടി വന്ന് പമ്പ് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പമ്പ് ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
ജീവനക്കാരെ മര്‍ദിച്ചതിനു പുറമേ പമ്പിനുനേരെയും ആക്രമണം നടത്തി നാശനഷ്ടമുണ്ടാക്കി. കളമശ്ശേരി, വരാപ്പുഴ, ആലുവ, മലപ്പുറം സ്വദേശികളായ സുഹൈല്‍, ബിന്‍ഷാദ്, വിശ്വജിത്, വിഷ്ണു, റിസാഫ്, അഷ്റഫ് എന്നിങ്ങനെ ആറുപേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചത്. രണ്ടുദിവസംമുന്‍പ് ഇവര്‍ വാഹനത്തില്‍ സി.എന്‍.ജി. നിറയ്ക്കുന്നതിനായി പമ്പിലെത്തിയിരുന്നു. അപകടം ഒഴിവാക്കാനായി വാഹനത്തിനകത്തുള്ളവരോട് പുറത്തിറങ്ങിനില്‍ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. അതോടെ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമായി.
പിന്നാലെ തിങ്കളാഴ്ച രാത്രി ആളെക്കൂട്ടി ആയുധങ്ങളുമായെത്തി ആറംഗ സംഘം ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. പമ്പില്‍ സൂക്ഷിച്ചിരുന്ന തീപിടിത്തത്തെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന ബക്കറ്റടക്കം ഉപയോഗിച്ച് പമ്പിലെ രണ്ട് ജീവനക്കാര്‍ക്കുനേരെ ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയായിരുന്നു.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍തന്നെ പോലീസെത്തിയെങ്കിലും ആറുപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ഇവരെ പിന്തുടര്‍ന്ന് കളമശ്ശേരി സി.ഐ.യുടെ നേതൃത്വത്തില്‍ പിടികൂടി.