ഹൈദരാബാദ് : അടുത്തിടെ നടി സോനം കപൂറിനെ സംബന്ധിച്ച് നേരിട്ടല്ലാതെ നടത്തിയ പ്രസ്താവനയിൽ ക്ഷമ ചോദിച്ച് നടൻ റാണ ദഗ്ഗുബതി. ഹൈദരാബാദിൽ ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ പരിപാടിയിലാണ് റാണ സോനത്തിന്റെ പേര് പറയാതെ ഒരു ‘ബോളിവുഡ് നായിക’സിനിമയുടെ സെറ്റിൽ നടൻ ദുൽഖർ സൽമാന്റെ സമയം പാഴാക്കിയെന്ന് പറഞ്ഞത്. എന്നാൽ ഇത് സോനം കപൂറാണ് എന്ന കീതിയിൽ വ്യാപകമായി സോഷ്യൽ മീഡിയ ട്രോളുകൾ വന്നിരുന്നു. ദി സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് സോനവും ദുൽഖറും ഒന്നിച്ച് അഭിനയിച്ചിരുന്നത്.
എന്നാൽ എക്സിൽ ഇട്ട പുതിയ പോസ്റ്റിൽ റാണ തൻറെ വാചകങ്ങളിൽ വ്യക്തത വരുത്തുകയും സോനത്തിനും, ദുൽഖരിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. ” എൻറെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമൻറുകൾ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നത്. വളരെ തമാശയായി പറഞ്ഞ കാര്യമാണ് അത്. സുഹൃത്തുക്കൾ എന്ന നിലയിലെ ചില തമാശകളാണ് അത്. അത് തെറ്റിദ്ധരിക്കപ്പെട്ടതിൽ ഞാൻ ശരിക്കും ക്ഷമ ചോദിക്കുന്നു” റാണ ദഗ്ഗുബതി പറയുന്നു.
“സോനത്തിനോടും ദുൽഖറിനോടും ഞാൻ ആത്മാർത്ഥമായി മാപ്പ് പറയുകയാണ് ഈ സന്ദർഭത്തിൽ. ഇരുവരും വളരെ ഉയർന്ന മാന്യത പുലർത്തുന്ന വ്യക്തികളാണ്. എൻറെ പ്രസ്താവന സംബന്ധിച്ച തെറ്റിദ്ധാരണകളെ എൻറെ ഈ വിശദീകരണം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” – റാണ കൂട്ടിച്ചേർത്തു.
കിംഗ് ഓഫ് കോത്തയുടെ ഹൈദരാബാദിലെ പ്രീ-റിലീസ് ഇവൻറിലാണ് റാണ ഇപ്പോൾ വിവാദമായ പ്രസ്താവന നടത്തിയത്. “ദുൽഖർ ആക്ടിംങ് സ്കൂളിലെ എന്റെ ജൂനിയറായിരുന്നു. ഞങ്ങൾ അവിടെ സുഹൃത്തുക്കളായിരുന്നു. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം ഒരു ഹിന്ദി സിനിമ ചെയ്യുന്നു അതിൻറെ നിർമ്മാതാക്കൾ എന്റെ സുഹൃത്തുക്കളാണ്. എന്റെ വീടിനടുത്തായിരുന്നു ഷൂട്ടിംഗ്. ദുൽഖറിനെ കാണാനാണ് ഞാൻ അവിടെ പോയിരുന്നു.
അവൻ സ്പോട്ട് ബോയ്ക്കൊപ്പം മൂലയിൽ നിൽക്കുമ്പോൾ, ആ സിനിമ ചെയ്യുന്ന ഒരു വലിയ ഹിന്ദി നായിക തൻറെ ഭർത്താവുമായി ലണ്ടനിൽ ഷോപ്പിംഗ് നടത്തുന്നതിനെക്കുറിച്ചുള്ള ഫോൺ സംഭാഷണത്തിലായിരുന്നു. അവളുടെ ഈ ശ്രദ്ധക്കുറവ് ഷോട്ടുകളെ ബാധിക്കുന്നുണ്ടായിരുന്നു. അത് ചിത്രത്തിൻറെ സെറ്റിലുള്ളവർക്കും ആശങ്കയായി. എന്നാൽ കാര്യങ്ങൾ എല്ലാം നേരയാക്കി, വളരെ ആത്മാർത്ഥതയോടെ വളരെ സഹിച്ചാണ് ദുൽഖർ അവിടെ പണിയെടുത്തത്. എന്നാൽ ആ സംഭവം ഞാൻ ചിത്രത്തിൻറെ നിർമ്മാതാക്കളെ അറിയിച്ചിരുന്നു” – റാണ പറഞ്ഞു.