കൊച്ചി: സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നു പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്കു സഹായവുമായി നടന് സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന യുകെ സ്വദേശി പെനിലോപ് കോയ്ക്കാണു (75) സുരേഷ് ഗോപി സഹായമെത്തിച്ചത്.
ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിനു പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വിസ ലംഘിച്ചു രാജ്യത്തു തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചെലവുകള്‍ക്കുള്ള തുക എന്നിവയുള്‍പ്പെടെ 60,000 രൂപ സുരേഷ് ഗോപി നല്കി. സുരേഷ് ഗോപിക്കു വേണ്ടി പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവര്‍ തുക കൈമാറി.
2007 മുതല്‍ പലപ്പോഴായി കൊച്ചി സന്ദര്‍ശിക്കുകയും തെരുവു നായ്ക്കള്‍ക്ക് അഭയകേന്ദ്രമൊരുക്കാന്‍ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്ത പെനിലോപ് കോ നേരിടുന്ന ജീവിത പ്രതിസന്ധി മലയാള മനോരമയില്‍ വാര്‍ത്തയായിരുന്നു.
ഭര്‍ത്താവിനൊപ്പം 2007ലാണു പെനിലോപ് കോ കൊച്ചിയിലെത്തുന്നത്. കൊച്ചിയെ ഇഷ്ടപ്പെട്ടതോടെ പിന്നീട് പലവട്ടം വന്നു. നാട്ടുകാരില്‍ ഒരുവളായി. 2010ല്‍ ഭര്‍ത്താവ് കൊച്ചിയില്‍ മരിച്ചതോടെ ഇവിടെത്തന്നെ ജീവിക്കാന്‍ തീരുമാനിച്ചു. 2011ല്‍ സ്വന്തം പണമുപയോഗിച്ചു തെരുവു നായ്ക്കള്‍ക്ക് അഭയകേന്ദ്രമൊരുക്കാന്‍ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിച്ചതോടെ ഫോര്‍ട്ട് കൊച്ചിയില്‍ പെനിലോപ് പ്രശസ്തയായി.
ഇതിനിടയില്‍ ബ്രിട്ടനിലെ വീടു വിറ്റു എട്ടുകോടിയോളം രൂപ പെനിലോപിനു ലഭിച്ചു. വിദേശത്തെ ബാങ്ക് അക്കൗണ്ടിലാണു പണം സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ സഹായിയുടെ പള്ളുരുത്തിയിലുള്ള സുഹൃത്ത് വിശ്വാസമാര്‍ജിച്ച് അടുത്തു കൂടിയതോടെ തന്റെ കഷ്ടകാലം തുടങ്ങിയെന്നു പെനിലോപ് പറയുന്നു. പ്രതിമാസം നിശ്ചിത തുക വാഗ്ദാനം ചെയ്തതോടെ ഏഴരക്കോടി രൂപ പെനിലോപ് അക്കൗണ്ട് വഴി ഇയാള്‍ക്കു കൈമാറി. ഇതിനിടയില്‍ നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു പെനിലോപിന്റെ അക്കൗണ്ട് മരവിപ്പിച്ചു.
പണം കടം വാങ്ങിയയാള്‍ 8 വര്‍ഷമായി തന്നെ കബളിപ്പിക്കുകയാണെന്നാണു പെനിലോപ് കമ്മിഷണര്‍ക്കു നല്കിയ പരാതിയില്‍ പറയുന്നത്. കയ്യില്‍ പത്തു പൈസയില്ലാത്ത അവസ്ഥയാണ്. കടം വാങ്ങിയാണു ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും പണമില്ല. വിസ കാലാവധി തീര്‍ന്നെങ്കിലും പുതുക്കാനോ, ടിക്കറ്റെടുക്കാനോ കഴിയാത്ത അവസ്ഥയിലാണു താനെന്നു പെനിലോപ് പറയുന്നു.