KeralaNEWS

ഒരു ട്രെയിൻ യാത്രക്കാരന്റെ കുറിപ്പ്; ഇനിയെങ്കിലും കണ്ണുതുറക്കുമോ അധികാരികൾ

ന്നലെയും  വളരെ വൈകിയാണ് വീട്ടിൽ എത്തിയത്… ജോലി കഴിഞ്ഞ് നിലമ്പൂർ- കോട്ടയം ഇന്റർസിറ്റിയിൽ കോട്ടയം സ്റ്റേഷനിൽ ഇറങ്ങിയ ശേഷം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കുള്ള നടത്തത്തിൽ ഈ പണി മതിയാക്കിയാലോ എന്നുപോലും ചിന്തിച്ചു പോയി. നാഗമ്പടം പാലത്തിൽ നിന്നും ബഹുദൂര സൂപ്പർ ഫാസ്റ്റ്, ഡിലൈക്സ് ബസുകളാണ് ലഭിക്കുക. തൊട്ടുപിറകിലെ മെയിൻ പോയിന്റിൽ നിന്നുള്ള പൈസ ഈടാക്കുകയും ചെയ്യും. ഓട്ടോക്കാരോട് തർക്കിച്ചു ജയിക്കാനും കഴിയില്ല, മാത്രവുമല്ല ദിവസവും ഓട്ടോ സങ്കൽപ്പിക്കാൻ  പറ്റില്ല. ചങ്ങനാശ്ശേരിയിൽ ബസിറങ്ങി റെയിൽവേ സ്റ്റേഷൻ വരെ നടന്ന് ബൈക്ക് എടുത്ത് വീട്ടിൽ എത്തിയപ്പോൾ രാത്രി 12 കഴിഞ്ഞിരുന്നു.
ചോറും കറിയും മേശപ്പുറത്ത് വിളമ്പി വെച്ചിരുന്നു. മരുന്ന്  കഴിക്കുന്നതിനാൽ അമ്മ കാത്തിരുന്ന് ഉറങ്ങിപോകും. അതുകൊണ്ട് അകത്തുനിന്ന് താക്കോൽ ഉപയോഗിച്ച് വീട് പൂട്ടുകയാണ് പതിവ്. ഒരു താക്കോൽ കൈയ്യിൽ കരുതും. കുളിയും തിരുമ്മിയിടലും  കഴിഞ്ഞ് കിടക്കുമ്പോൾ ഒന്നരയോട് അടുക്കും.
വെളുപ്പിന് നാലരയ്‌ക്ക് അലാറം വെച്ചാലെ അഞ്ചുമണിയ്ക്ക് എങ്കിലും എഴുന്നേൽക്കു. രാത്രിയിൽ കാണാതിരുന്നത് കൊണ്ട് അമ്മ കട്ടലിനരികിലിരുന്ന് വിളിക്കും.  കൈകൊണ്ട് പതുക്കെ കാലിൽ തടവുമ്പോൾ  എല്ലാ ക്ഷീണവും മാറും. പുതപ്പ് മാറ്റി കൈകാലുകൾ നിവർത്തിയെണീക്കുമ്പോൾ   കട്ടൻ ഇടാനായി അമ്മ അടുക്കളയിലേയ്‌ക്കും മാറും.
വേണാട് പതിവായി ലേറ്റാവാൻ തുടങ്ങിയപ്പോൾ മുതൽ രാവിലെ പാലരുവിയാണ് ആശ്രയം. വന്ദേഭാരതിന്റെ വരവോടെ ദിനചര്യയാകെ തകിടം മറിയുകയായായിരുന്നു.  പാലരുവിയാണെങ്കിൽ ഇപ്പോൾ വളരെ നേരത്തെ സ്റ്റേഷനിൽ എത്തുകയും ചെയ്യും.  വേണാട് തിരുവനന്തപുരത്ത് നിന്ന് 05.25 ന് പുറപ്പെടാൻ തുടങ്ങിയതിൽ പിന്നെ ഒരു ദിവസം പോലും തൃപ്പൂണിത്തുറയിൽ  സമയത്തിന് എത്തിച്ചേർന്നിട്ടില്ല. 09.30 നെങ്കിലും തൃപ്പൂണിത്തുറ എത്തിയാൽ  മതിയായിരുന്നു. എല്ലാം നമ്മുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ. വിധിയെ പഴിക്കുകയല്ലാതെ  എന്ത് ചെയ്യാൻ സാധിക്കും.
കട്ടൻ ചായയ്ക്ക് ഒപ്പം അമ്മ എന്തെങ്കിലും കരുതും.  അവിടെ എനിക്ക് ഇഷ്ട അനിഷ്ടങ്ങൾ ഒന്നുമില്ല. നേരം വെളുക്കുന്നതിന് മുമ്പ് ഒറ്റയ്ക്കാക്കി പോകുന്നതാണ്. എറണാകുളത്ത് വാടകയ്ക്ക് ഒരു ചെറിയ ഫ്ലാറ്റ് എടുക്കാനുള്ള സാമ്പത്തിക ശേഷിയും  ഇല്ല. ബൈക്ക് മേടിച്ചതിന്റെ അടവും സഹകരണബാങ്കിലെ ലോണും എല്ലാം കൂടി ഇപ്പോൾ തന്നെ താങ്ങാൻ പറ്റുന്നില്ല.
ഉച്ചയൂണിന് ഓഫീസിന് സമീപം ക്യാന്റീൻ ഉണ്ടെന്നാണ് അമ്മയെ ധരിപ്പിച്ചിരിക്കുന്നത്. വെറുതെ  അമ്മയെ അതിനും കൂടി ബുദ്ധിമുട്ടിക്കാൻ കഴിയില്ല. ഒരുങ്ങുന്നതിനിടെ  മൊബൈലിൽ മാവേലിക്കരയിൽ നിന്നുള്ള പാലരുവിയുടെ അപ്ഡേഷൻ നോക്കും. ആറുമണിയ്ക്ക് മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയാലെ ട്രെയിൻ കിട്ടുകയുള്ളൂ. സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്‌ത് പ്ലാറ്റ് ഫോമിലേയ്ക്ക് കടക്കുമ്പോൾ ട്രെയിൻ എത്തിയിട്ടുണ്ടാവും. 06.30 ന്റെ പാലരുവി പോയാൽ  08.30 ന് ശേഷമെത്തുന്ന വേണാട് മാത്രമാണുള്ളതും. ഓഫീസിൽ അഞ്ചുമിനിറ്റ് വരെ  ഇളവ് എല്ലാവർക്കും നൽകിയിട്ടുണ്ട്. പിന്നെയും  വൈകിയാൽ “വരണ്ട” എന്ന്  താക്കീതും നൽകിയിട്ടുണ്ട്…
“പാലരുവി left ചങ്ങനാശ്ശേരി 06.30”
ഗ്രൂപ്പിൽ തന്റെ സാന്നിധ്യം അറിയിച്ചു.ഇത് ഒരു നന്ദി സൂചകം കൂടിയാണ്.  നിരവധി മൊബൈൽ ആപ്പുകൾ ഉണ്ടെങ്കിലും ഗ്രൂപ്പിൽ വരുന്ന മെസ്സേജുകൾ സഞ്ചരിക്കുന്ന വേഗത മറ്റൊന്നിനും ഉണ്ടാവില്ല. യാത്രയിൽ ആകെയുള്ള ആശ്വാസം ഈ ഗ്രൂപ്പാണ്…
ഉച്ചയൂണ് പതിവില്ലായിരുന്നു. മാസ അവസാനമാകും തോറും ഉച്ചയെ ജോലിത്തിരക്കിൽ മറന്നതായി ഭാവിക്കും. എന്നാൽ വൈകുന്നേരമുള്ള ചായ  നിർബന്ധമാണ്.
ആറരയ്ക്കാണ് പഞ്ച് ഔട്ട്‌.. നേരത്തെ ഇറങ്ങിയാൽ  മിനിറ്റുകളുടെ അടിസ്ഥാനത്തിൽ പകുതി സാലറി വിഴുങ്ങും. കോവിഡിന് ശേഷം കമ്പനിയ്ക്കും വലിയ മെച്ചമൊന്നും ഇല്ലെന്ന കാരണം പറഞ്ഞ് സാലറി വർദ്ധനവും ഉണ്ടായിട്ടില്ല .
പഞ്ച് ചെയ്തിറങ്ങാൻ ആദ്യം നിൽക്കുന്നത് കാണുമ്പോൾ ഒപ്പമുള്ളവരുടെ പരിഹാസ ചിരിയും സഹിക്കേണ്ടി വരും. ലിഫ്റ്റിന് കാത്തുനിൽക്കാതെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ മൊബൈലിലെ ബീപ് ശബ്ദത്തിൽ പാലരുവി എറണാകുളം ടൗണിലെ വരവ് അറിയിച്ചു (06.32).  ഓഫീസിൽ നിന്ന് തൃപ്പൂണിത്തുറയിലേയ്ക്കുള്ള അടുത്ത ബസ് സ്റ്റേഷനിൽ എത്തുമ്പോൾ 07.00 മണിയാകും. 06.58 ന് പാലരുവി തൃപ്പൂണിത്തുറയും കടന്നു പോകും. അതുകൊണ്ട് ഓടിയിറങ്ങി ആദ്യം കണ്ട ബസിൽ ടൗണിലേയ്ക്ക് പിടിച്ചു..
ബ്ലോക്കുകളിൽ ബസ് ചവിട്ടുമ്പോൾ നെഞ്ചിടിപ്പ് കൂടി കൂടി വരും. ടൗൺ ഹാളിൽ  ഇറങ്ങി ഓടുമ്പോൾ നാണം എന്തെന്ന് അറിയില്ലായിരുന്നു. 06.40 ന് പ്ലാറ്റ് ഫോം വിട്ടിറങ്ങിയ ട്രെയിനിന് പിറകിൽ കാണുന്ന “X” ചിഹ്നം  ആ ദിവസത്തിന് കുറുകെയുള്ള വരയായി പലപ്പോഴും തോന്നിയിട്ടുണ്ട്.
 ചങ്ങനാശ്ശേരിയ്ക്കുള്ള അവസാന ട്രെയിനും പോയിരിക്കുന്നു.  ഇവിടെ നിന്ന് ബസിൽ വൈറ്റിലയിൽ കയറിയിറങ്ങി പോയാലും ചങ്ങനാശ്ശേരി എത്തുമ്പോൾ ഒരു സമയമാകും. 100 രൂപയ്ക്ക് മുകളിൽ ചെലവും താങ്ങാൻ പറ്റില്ല. സീസൺ ടിക്കറ്റിന്റെ ബലത്തിലാണ് ഈ ജോലിയിൽ പിടിച്ചു നിൽക്കുന്നത് തന്നെ..
ചങ്ങനാശ്ശേരിയിലേയ്ക്കുള്ള അവസാന ട്രെയിനായ പാലരുവി പഴയ സമയക്രമായ 06.50  ന് തന്നെ ആയിരുന്നെങ്കിൽ…?
വേണാട് എന്നും രാവിലെ കൃത്യസമയം പാലിച്ചിരുന്നെങ്കിൽ…?
തൃപ്പൂണിത്തുറയിൽ നിന്ന് മുളന്തുരുത്തി എത്താൻ നിലമ്പൂർ – കോട്ടയത്തിന് 25 മിനിറ്റാണ് നൽകിയിരിക്കുന്നത്. 15 മിനിറ്റ് എന്നും ഇവിടെ അധികമാണ്.
അതെങ്കിലും ഒന്ന് ഒഴിവാക്കി തന്നിരുന്നെങ്കിൽ…?
പ്രാർത്ഥിക്കാൻ ആർക്കാ ഒരു കാരണം ഇല്ലാത്തത് അല്ലെ..?
____________________________________________
✍അജാസ് വടക്കേടം…
(മറ്റൊരാളുടെ ജീവിതം പകർത്തിയത്)

Back to top button
error: