FeatureNEWS

അണഞ്ഞു പോകരുത് ഈ പൈതൃകം; തുയിലുണർത്തു പാട്ടു കലാകാരനും ഇവിടെ ജീവിക്കണം

ചിങ്ങമാസ രാത്രികളിലാണ്‌ പാണൻ തുയിലുണർത്തുപാട്ടുമായി വീടുതോറും കയറിയിറങ്ങുന്നത്‌. ഓലക്കുടയും പിടിച്ച്‌ പാട്ടി (പാണത്തി)യോടൊപ്പം വരുന്ന പാണൻ തുടികൊട്ടി പാടി ഉറക്കമുണർത്തുന്നു. ഉറക്കമുണരാനുളള അപേക്ഷ തന്നെയാണ്‌ പാട്ടിലെ വിഷയം. മറ്റുകഥയൊന്നുമില്ല പാട്ടിൽ.വിഷ്‌ണു ഒരിക്കൽ മോഹാലസ്യത്തിൽപ്പെട്ടുവെന്നും അന്ന്‌ പാണനും പാട്ടിയുംകൂടി അദ്ദേഹത്തെ ഉണർത്തിയെന്നുമാണ് കഥ.ചിലയിടത്ത്‌ വിഷ്‌ണുവിനു പകരം ശിവനാണ്‌ ഉറക്കമുണർത്തപ്പെടുന്നത്‌. അരിയും നെല്ലും മുണ്ടും പഴവുമൊക്കെ വീട്ടുകാർ പാണന് വേണ്ടി കരുതിവച്ചിട്ടുണ്ടാവും.

മലബാറിൽ മലയർ എന്ന സമുദായത്തിന്റെ ഓണേശ്വരൻ അഥവാ ഓണപ്പൊട്ടനും സമാനമായ ഒരനുഷ്‌ഠാനമാണ്‌.കുരുത്തോല തൂക്കിയ ഓലക്കുട പിടിച്ച്‌ വീടുകൾ തോറും കയറിയിറങ്ങുന്ന ഓണപ്പൊട്ടൻ അരിയും നെല്ലുമൊക്കെ തന്റെ ഓഹരിയായി സ്വീകരിക്കുന്നു.

ഓണം ഐശ്വര്യത്തിന്റെ ആഘോഷമാണ്. സമൃദ്ധിയുടെ പര്യായമായ ചിങ്ങമാസത്തിലേക്കുള്ള കാൽവെപ്പ്. പുതുവർഷത്തിലെ പ്രതീക്ഷയും. ഇക്കാരണത്താലെല്ലാം മലയാളികളുടെ മഹോത്സവമായി മാറിയ ഓണത്തിന്റെ പൗരാണികകാലത്തെയാണ് തുയിലുണർത്തു പാട്ടിലൂടെ ഓർമ്മിപ്പിക്കുന്നത്. ഓരോ പ്രദേശത്തുള്ളവരും താന്താങ്ങളുടെ ആചാരങ്ങൾ കലാപരതയോടെ അനുഷ്‌ഠിച്ചപ്പോഴാണ് അവ കാലക്രമേണ അനുഷ്‌ഠാന കലകളായി രൂപപ്പെട്ടത്. വള്ളുവനാടൻ പ്രദേശങ്ങളിലും വടക്കൻ കേരളത്തിലുമാണ്, തുയിലുണർത്തു പാട്ട് ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾ ഏറ്റവുമധികം പ്രചാരത്തിലുള്ളത്.

Signature-ad

തിരുവരങ്കത്തുനിന്നാണ് പാണൻ, പാട്ടി എന്നീ പദങ്ങൾ ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു.തമിഴ് പദമായ ‘പൺകൾ” എന്നതിന്റെ അർത്ഥം രാഗങ്ങൾ എന്നാണ്. ഗാനങ്ങൾ പൺകളോടു കൂടി ആലപിക്കുന്നവർ അങ്ങനെ പാണനും പാട്ടിയുമായി അറിയപ്പെടാൻ തുടങ്ങി. പ്രാചീന തിരുവരങ്കത്ത് പാണനും പാട്ടിയ്‌ക്കും സമൂഹത്തിൽ ഉന്നത സ്ഥാനമാണ് നൽകിയിരുന്നത്. സംഗീതത്തിന്റെ മഹത്വമത്രയും ഉള്ളിൽ പേറുന്ന ഈ പദത്തെ കേവലം ഒരു ജാതിപ്പേരാക്കി നമ്മുടെ സമൂഹം ചെറുതാക്കി. ഇത് വേദനാജനകവും, പരിതാപകരവും, സർവ്വോപരി അപലപനീയവുമാണ്.

ശീപോതി പാട്ടുകൾ, പൊറാട്ട് നാടക പാട്ടുകൾ, തെക്കത്തിക്കളി പാട്ടുകൾ, കുറത്തിക്കളി പാട്ടുകൾ, കൈകൊട്ടിക്കളി പാട്ടുകൾ മുതലായ നിരവധി നാടൻ ശീലുകൾ തുയിലുണർത്താനായി പാടുന്നു.തിരുവരങ്കത്തെ പാണനാർക്ക് പരമശിവൻ നൽകിയ വരമാണ് തുയിലുണർത്തു പാട്ടെന്നാണ് ഐതിഹ്യം. ശിവനെ ഉറക്കത്തിൽ നിന്നും ഉണർത്താനാണ് ആദ്യമിത് പാടിയതെന്നും പുരാണമുണ്ട്.

ഉത്രാടരാവ് മുതലുള്ള നാലു നാളുകളിലാണ് ഐശ്വര്യദേവതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഗാനങ്ങൾ പാണൻ, പാട്ടി ദമ്പതിമാർ ഓരോ വീട്ടിലും ചെന്ന് ആലപിക്കുന്നത്. ദമ്പതിമാരുടെ കൂടെ ചിലപ്പോൾ കുടുംബാംഗങ്ങളും പങ്കുചേരുന്നു. കേരളീയ തുകൽ വാദ്യമായ തുടി കൊട്ടിക്കൊണ്ടാണ് കലാകാരൻ പാട്ടു പാടുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകൾ തുയിലുണർത്താൻ ഉത്തമം. നിശ്ചിതദിവസങ്ങൾക്കകം ഗ്രാമം മുഴുവൻ പാടിയെത്തുകയെന്ന ചിന്തയോടെ വൈകുന്നേരങ്ങളിൽ തുടങ്ങുന്ന സന്ദർശനങ്ങൾ അവസാനിക്കുമ്പോൾ പുലർച്ചെ ആകാറാണ് പതിവ്.

തെയ്യവും തീയാട്ടും തോൽപ്പാവക്കൂത്തും കാവടിയാട്ടവും കാളവേലയും പൂതനും തിറയും മുതൽ ദഫ് മുട്ടും മാർഗം കളിയും വരെ നീണ്ടുകിടക്കുന്ന ഗ്രാമീണ കലാരൂപങ്ങളിൽ ഏറ്റവും ശോച്യാവസ്ഥയിലെത്തി നിൽക്കുന്ന ഒന്നാണ് ഇന്ന് തുയിലുണർത്തു പാട്ട്.വീടുകളിൽ ടിവിയും മറ്റു ആധുനിക വിനോദ സൗകര്യങ്ങളുമൊക്കെ ഉള്ളപ്പോൾ, പുതിയ ലോകത്തെ മനുഷ്യർക്ക് തുയിലുണർത്തു പാട്ടും മറ്റും പഴഞ്ചൻ സമ്പ്രദായമായി തോന്നുന്നുണ്ടാകാം. എന്നാൽ, ഈ പൈതൃകത്തിന് ബദലാകാൻ ഒരു ടിവിക്കും ഒരു ചാനലുകാർക്കും കഴിയില്ല. അവാർഡുകളും പ്രോത്സാഹനങ്ങളുമൊന്നും ഇല്ലാത്ത കാലത്ത് രാവും പകലും നാടൊട്ടാകെ പാടി നടന്ന് ആദിമൂലമായ ഈ നാടൻ കലയെ നിലനിർത്തിയവരാണ് പാണൻമാർ.

അണഞ്ഞു പോകരുത് ഈ പൈതൃകം. തുയിലുണർത്തു പാട്ടു കലാകാരനും ഇവിടെ ജീവിക്കണം. അവന്റെ അടുപ്പിലും തീ പുകയണം. ഈ കലാരൂപം നിലനിർത്തി കൊണ്ടുപോകാനും, ഈ ഗാനശാഖയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉപജീവനം നയിക്കാനും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വേണ്ടതെല്ലാം ചെയ്യണമെന്നാണ് അഭ്യർത്ഥന.

Back to top button
error: