പറവൂർ:കൂടംകുളം വിഷ്ണു മഹേശ്വര ക്ഷേത്രത്തില്‍ വൻ മോഷണം.10 പവൻ സ്വര്‍ണാഭരണവും 6000 രൂപയും കവര്‍ന്നു.ബുധനാഴ്ച പുലര്‍ച്ച ക്ഷേത്രത്തിലെ ജീവനക്കാരനെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഓഫിസിന് സമീപമുള്ള മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ക്ഷേത്രത്തിലെ പൂജാരി രവി നാരായണനെ വാതില്‍ പുറത്തുനിന്ന് താഴിട്ട് പൂട്ടിയശേഷമാണ് മോഷണം നടത്തിയത്. ശ്രീകോവിലിന് പുറത്തുള്ള ക്ഷേത്രം ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ഇവിടെ അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്തെ കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ചാണ് 6000 രൂപയും കവര്‍ന്നു. മോഷണംനടന്ന വിവരം മനസ്സിലാക്കിയ ജീവനക്കാരൻ മറ്റു ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. അവരും നാട്ടുകാരും സ്ഥലത്തെത്തിയാണ് വാതില്‍ പൂട്ട് തകര്‍ത്ത് രവി നാരായണനെ പുറത്തിറക്കിയത്. വിവരമറിഞ്ഞ് പറവൂര്‍ പൊലീസ് സ്ഥലത്തെത്തി. വിശദ പരിശോധനക്കായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.