KeralaNEWS

വാഴകള്‍ നഷ്ടപ്പെട്ട കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

കോതമംഗലം:വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് കെഎസ്‌ഇബി നീക്കം.മൂന്നര ലക്ഷം രൂപ വാഴകള്‍ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.

കോതമംഗലം വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്‍റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്.തോമസ്സിന്‍റെയും മകൻ അനീഷിന്‍റെയും പത്ത് മാസക്കാലത്തെ അദ്ധ്വാനമാണ് നിര്‍ദാക്ഷിണ്യം വെട്ടിനശിപ്പിച്ചത്. കൃഷിയിറക്കിയ ഒരേക്കറില്‍ അര ഏക്കറോളം സ്ഥലത്തെ വാഴകളും നശിപ്പിക്കപ്പെട്ടു. ഓണവിപണി മുന്നില്‍ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നല്‍കാതെയാണ് നശിപ്പിച്ചത്. കെഎസ്‌ഇബിയുടെ നടപടിയില്‍ നാല് ലക്ഷം രൂപയുടെ നഷ്ടമെന്നായിരുന്നു കര്‍ഷകൻ പറഞ്ഞത്.

അതേസമയം ഇടുക്കി കോതമംഗലം 220 കെ വി ലൈൻ തകരാറിയപ്പോള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്നാണ് കെഎസ്‌ഇബി വിശദീകരണം. കാറ്റടിച്ചപ്പോള്‍ തോമസ്സിന്‍റെ വാഴയുടെ ഇലകള്‍ ലൈനിന് സമീപം എത്തി ചില വാഴകള്‍ക്ക് തീ പിടിച്ചു. പരിശോധനയില്‍ സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതാഘാതം ഏറ്റതായും മനസ്സിലാക്കി. ഇടുക്കി – കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കി വാഴകള്‍ വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Back to top button
error: