KeralaNEWS

നെന്മാറയില്‍ യാത്രയ്ക്കിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: നെന്മാറ വിത്തനശ്ശേരിയില്‍ ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. ആളപായമില്ല. കിണാശ്ശേരി ആനപ്പുറം സ്വദേശി എം.നിയാസ്, ഭാര്യ എ.ഹസീന എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് രാവിലെ 10 മണിയോടെ വിത്തനശ്ശേരിയില്‍ വച്ച് കത്തി നശിച്ചത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ഇവര്‍.

വിത്തനശ്ശേരിയില്‍ എത്തിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് പുക ഉയര്‍ന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി ഇരുവരും മാറിനിന്നു. സ്‌കൂട്ടറിലെ പെട്ടിക്കകത്ത് ആര്‍സി ബുക്കും മറ്റു രേഖകളും ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കും എന്ന ഭയത്താല്‍ എടുക്കാന്‍ ശ്രമിച്ചില്ല. വിവരമറിഞ്ഞ് നെന്മാറ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കൊല്ലങ്കോട് അഗ്‌നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. തീ അണയും വരെ പൊട്ടലും ചീറ്റലും ഉണ്ടായത് സ്ഥലത്ത് ഭീതി പരത്തി. നെന്മാറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Signature-ad

അതേസമയം, കോട്ടയം വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ.ജി. സാബു(57) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10-ന് ഇവരുടെ വീടിനുമുന്‍പിലെ വഴിയിലായിരുന്നു ദാരുണ സംഭവം. രാവിലെ പുറത്ത് പോയ സാബു അല്‍പ്പസമയത്തിനകം മടങ്ങിവരുന്നതാണ് പരിസരവാസികള്‍ കണ്ടത്. വീടിന് അല്‍പ്പം മുമ്പ് കാര്‍ നിന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെ വലിയ സ്‌ഫോടനശബ്ദത്തോടെ കാര്‍ കത്തുകയായിരുന്നു.

Back to top button
error: