സിദ്ദിഖിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ ദുഖിക്കുന്നവരില്‍ ഒരാള്‍ നടൻ ലാല്‍ ആണ്. സഹോദരൻമാരെ പോലെ കഴിഞ്ഞ ഇരുവരും ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു.
തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകന്‍ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് – ലാല്‍ കോമ്ബോ മോഹന്‍ലാല്‍ ചിത്രമായ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹന്‍ലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി.
സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം ‘റാംജി റാവു സ്പീക്കിംഗ് ആയിരുന്നു. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. അന്നോളമുള്ള കോമഡി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ദിഖും ആദ്യ സംരഭത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ്- ലാല്‍ തുടര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇന്‍ ഹരിഹര്‍ നഗറും’ ഹിറ്റായതോടെ ഇരുവരും മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി. മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റ് ചിത്രമായ ‘ഗോഡ് ഫാദറും’ പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ദിഖ്- ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ‘വിയറ്റ്‌നാം കോളനി’, ‘കാബൂളിവാല’ എന്നിവയുടെ സംവിധായകരായും സിദ്ധിഖ്- ലാല്‍ പേരെടുത്തു.
എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. 1993 ലാണ് ഹിറ്റ് കൂട്ടുകെട്ട് അവസാനിച്ചത്. ലാല്‍ നിര്‍മാണ രംഗത്തേക്ക് ശ്രദ്ധ നല്‍കി. പിന്നീട് നടനുമായി. മറുവശത്ത് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിദ്ദിഖും പേരെടുത്തു. ലാലുമായി പിരിഞ്ഞതിനെക്കുറിച്ച് മുമ്ബാെരിക്കല്‍ സിദ്ദിഖ് പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് സിദ്ദിഖ് മനസ് തുറന്നത്.
പിരിഞ്ഞ സംഭവം അന്ന് വലിയ വാര്‍ത്തയായി. പിരിഞ്ഞത് നല്ലതിനായിരുന്നെന്ന് കാലം തെളിയിച്ചതാണ്. പക്ഷെ ആ കാലഘട്ടത്തില്‍ ഞങ്ങള്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായി. അതില്‍ പ്രധാനപ്പെട്ട ചോദ്യം എന്താണ് കാരണം എന്നാണ്. അതിന്റെ ഉത്തരം ഒരിക്കലും ഞങ്ങള്‍ പറയാൻ തീരുമാനിച്ചിട്ടില്ലെന്നും സിദ്ദിഖ് അന്ന് വ്യക്തമാക്കി.
മയൂര പാര്‍ക്കിന്റെ 205ാം റൂമിലിരുന്നാണ് പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്. ഇത് പരമ രഹസ്യമായിരിക്കണം, ആരോടും പറയരുതെന്ന് ഞാൻ ലാലിനോട് പറഞ്ഞു. ഫിലിം പേജ് വരുന്ന വെള്ളിയാഴ്ചത്തെ പത്രത്തില്‍ വാര്‍ത്ത വരണം. പത്രത്തില്‍ വന്ന ശേഷമേ ആരോടെങ്കിലും പറയാവൂ, അതുവരെ ഭാര്യമാരോട് പോലും പറയണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. വാര്‍ത്ത കൊടുക്കുന്ന ആളും വളരെ രഹസ്യമായി വെക്കണം.
ഒരു പത്രത്തിൽ നേരത്തെ പരിചയമുള്ള ജെക്കോബി ചേട്ടനോട് വിവരം പറഞ്ഞു. നിങ്ങള്‍ പിരിയണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്തറിഞ്ഞാല്‍ പിരിയാൻ ആരും സമ്മതിക്കില്ല. പക്ഷെ ഞങ്ങളുടെ രണ്ട് പേരുടെ നല്ലതിന് വേണ്ടിയും പിരിയണം. വഴക്കിട്ടിട്ടോ അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ടോ അല്ല രണ്ട് വഴിക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി.
ഗുരു തുല്യനായ സംവിധായകൻ ഫാസിലിനോട് പിരിയുന്ന കാര്യം നേരിട്ട് പറഞ്ഞപ്പോഴുള്ള പ്രതികരണവും സിദ്ദിഖ് ഓര്‍ക്കുന്നുണ്ട്. മദ്രാസില്‍ പോയാണ് അദ്ദേഹത്തോട് വിവരം പറയുന്നത്. പത്രത്തില്‍ വരുന്നതിന്റെ തലേദിവസം രാവിലെയാണ് മദ്രാസില്‍ എത്തിയത്. വിവരം പറഞ്ഞപ്പോള്‍ ഫാസില്‍ സര്‍ എതിര്‍ത്തു. എന്താണ് നിങ്ങള്‍ വിഡ്ഢിത്തരം പറയുന്നത്, അത് വേണ്ട, വാര്‍ത്ത പിൻവലിക്ക്, ഞാൻ വിളിച്ച് പറയാമെന്ന് പറഞ്ഞു. ഫാസില്‍ സര്‍ വിളിച്ചപ്പോഴേക്കും വാര്‍ത്ത പ്രിന്റ്ആയിപ്പോയി. ഫാസില്‍ സര്‍ വിളിച്ച് പറഞ്ഞ് വാര്‍ത്ത തടയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന്റെ തലേദിവസം മാത്രം അദ്ദേഹത്തോട് ഇക്കാര്യം പറയാൻ തീരുമാനിച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി. വാര്‍ത്ത പുറത്ത് വന്ന ശേഷം വീട്ടില്‍ താമസിക്കാതെ മാറി താമസിച്ചു. പത്ത് പതിനഞ്ച് ദിവസം ഇതൊന്ന് അടങ്ങിയ ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. പല അഭ്യൂഹങ്ങള്‍ വന്നു. ഒന്നിനും മറുപടി കൊടുത്തില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി.