കണ്ണൂരിൽ പലയിടങ്ങളിലും മഹിളകൾക്കായി ഫിറ്റ്നസ് സെന്ററുകൾ ഒരുങ്ങുന്നു. മാനസികവും ശാരീരികവുമായ കരുത്ത് പകർന്ന് സ്ത്രീകളെ ഫിറ്റാക്കാനാണ് ഈ പെണ്ണിടങ്ങൾ ഒരുങ്ങുന്നത്. മാലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതകൾക്ക് മാത്രമായും വനിതാ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വനിതകൾക്കും പുരുഷന്മാർക്കുമായും മാലൂരി ഫിറ്റ്നസ് കേന്ദ്രങ്ങൾ ഒരുങ്ങുകയാണ്. പനമ്പറ്റയിലെ വയോജനക്ഷേമ മന്ദിരത്തിൽ ഈ മാസം തന്നെ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വനിതാ ഫിറ്റ്നസ് കേന്ദ്രം പ്രവർത്തനം തുടങ്ങും. പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സെന്റർ സജ്ജീകരിക്കുന്നത്. ട്രഡ്മിൽ, ജിം ബഞ്ച്, ഡംബെല്ലുകൾ, സൈക്കിൾ പുഷപ്പ് ബാറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കാർഡിയോ ട്രെയിനിങ്, ഡയറ്റ് ന്യൂട്രീഷ്യൻ, വെയിറ്റ് ലോസ്, വെയിറ്റ് ഗെയ്ൻ, വെയിറ്റ് കൺട്രോൾ ട്രെയിനിങ്, പേഴ്സണൽ ട്രെയിനിങ് തുടങ്ങിയവയാണ് ഇവിടെ ലഭ്യമാക്കുക. വനിതാ ട്രെയിനറെയും രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്നതിനു പൊതുവായ പ്രവർത്തനങ്ങളുടെ സംഘാടനത്തിനു കെയർ ടേക്കറേയും നിയമിക്കും.ജനകീയ പരിപാലന സമിതിയുടെ മേൽനോട്ടത്തിലാണ് ഫിറ്റ്നസ് സെൻറർ പ്രവർത്തിക്കുക. രാവിലെയും വൈകിട്ടും ആണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നിശ്ചിത തുകഫീസായി ഈടാക്കും.
മാലൂർ പഞ്ചായത്ത് വനിത സഹകരണ സംഘത്തിന്റെ ഫീനിക്സ് ഫിറ്റ്നസ് കേന്ദ്രം ജൂൺ 25ന് പ്രവർത്തനം ആരംഭിച്ചു. 30 പേരിൽ തുടങ്ങിയ കേന്ദ്രത്തിൽ ഒരു മാസം കൊണ്ട് 60 വനിതകൾ എത്തി. സുംബ പരിശീലനം ആണ് നിലവിൽ ഉള്ളത്. ബാക്കി ഉപകരണങ്ങൾ ഉടൻ സജ്ജീകരിക്കും. 20 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. രണ്ടാമത്തെ ബാച്ച് അടുത്ത ദിവസം ആരംഭിക്കും. വിദഗ്ധ പരിശീലകരെ നിയമിച്ച് മാലൂരിലെ വനിതകളെ കായിക ക്ഷമത ഉള്ളവരാക്കുകയാണ് ഇതിന്റെ ഉദ്ദേശം.
ശ്രീകണ്ഠപുരം നഗരസഭയില്‍ ജിംനേഷ്യം ഒരുങ്ങുന്നു. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ നാരായണ ഹാളിന്റെ ഒരു ഭാഗംആണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. വനിതകള്‍ക്കായാണ് ജിംനേഷ്യം ഒരുങ്ങുന്നത്. ജിംനേഷ്യത്തിലേക്ക് ആവശ്യമായ മുഴുവൻ ഉപകരണങ്ങളും എത്തിക്കഴിഞ്ഞു.
വനിതകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി വിശാലമായ സൗകര്യമാണ് നഗരസഭ ഒരുക്കുന്നത്. കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയായി ക്കൊണ്ടിരിക്കുകയാണെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. കെ.വി ഫിലോമിന പറഞ്ഞു.