Fiction

ആഗ്രഹങ്ങളെ സഫലമാക്കാനുള്ള അഭിനിവേശമാണ് അഭിവൃദ്ധിയുടെ കാതൽ

വെളിച്ചം

    തനിക്ക് ശേഷം ശിഷ്യത്വം സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ വിദ്യപകര്‍ന്നു നല്‍കിയെന്ന പരാതിയുമായി ശിഷ്യന്‍ ഗുരുവിന്റെ അടുത്തെത്തി. ഗുരു അവനോട് ഒരു കഥ പറഞ്ഞു:
“ഒരാള്‍ യാത്ര ചെയ്യുകയായിരുന്നു.  യാത്രാമധ്യേ നല്ല ദാഹം അനുഭവപ്പെട്ടു.  കുറച്ച് ദൂരം കൂടി ചെന്നപ്പോള്‍ ഒരു കിണര്‍ കണ്ടു.  പക്ഷേ, കപ്പിയും കയറും ഇല്ലാത്തതിനാല്‍ വെള്ളം കുടിക്കാതെ അയാള്‍ യാത്ര തുടര്‍ന്നു.  അടുത്ത ദിവസം വേറൊരാല്‍ ഈ വഴിയെത്തി. അയാളും ദാഹിച്ച് വലഞ്ഞാണ് എത്തിയത്. കിണറ്റില്‍ കപ്പിയും കയറും ഇല്ലെങ്കിലും അയാള്‍ ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല.  അവിടെ എല്ലാം കുറെ തിരഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു പാത്രം കിട്ടി.  അടുത്തുള്ള പുല്ലുകളും വള്ളികളും എല്ലാം ചേര്‍ത്ത് അയാള്‍ ഒരു കയറുണ്ടാക്കി പാത്രം അതില്‍കെട്ടി വെള്ളം കോരി കുടിച്ച് യാത്ര തുടര്‍ന്നു…”
കഥയവസാനിച്ചപ്പോള്‍ ഗുരു ശിഷ്യനോട് ചോദിച്ചു:
“ഈ വന്നതില്‍ ആര്‍ക്കായിരുന്നു കൂടുതല്‍ ദാഹം…?”
“രണ്ടാമന്….”
ശിഷ്യന്‍ ഉടൻ ഉത്തരം പറഞ്ഞു.

Signature-ad

“നിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്…”  ഗുരു മറുപടി പറഞ്ഞു.

ആന്തരിക ചോദനയാണ് അഭിവൃദ്ധിയുടെ അടിത്തറ.  ആഗ്രഹവും അഭിനിവേശവും വ്യത്യാസമുണ്ട്.  സ്വസ്ഥമായ ഇരിപ്പിടവും കണ്ണടച്ച് സ്വപ്നംകാണാനുളള കഴിവുമുണ്ടെങ്കില്‍ ആര്‍ക്കും എന്തും ആഗ്രഹിക്കാം. അതിന് അതിര്‍വരമ്പുകളോ പ്രയ്തനത്തിന്റെ ആവശ്യകതയോ ഇല്ല.  എന്നാല്‍ അഭിനിവേശം എന്നത് ഉള്‍ത്തുടിപ്പാണ്. അതിലെത്തിച്ചേരും വരെ അതിനുവേണ്ടിയുള്ള പരിശ്രമമുണ്ടായിരിക്കും.  പകരം എന്ത് ലഭിച്ചാലും തൃപ്തിയുണ്ടാകുകയുമില്ല. പ്രവൃത്തിയില്ലാത്ത സ്വപ്നങ്ങളാണ് ആഗ്രഹം. പ്രവൃത്തിയിലേക്ക് നയിക്കുന്ന സ്വപ്നമാണ് അഭിനിവേശം.

എല്ലാവരും ആഗ്രഹങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്.  അവരില്‍ അഭിനിവേശമുള്ളവരാണ് തങ്ങള്‍ ആഗ്രഹിച്ചവ നേടിയെടുക്കുന്നത്.  നമുക്കും ആഗ്രഹങ്ങളെ അഭിനിവേശങ്ങളാക്കി മാറ്റാന്‍ പരിശ്രമിക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: