സ്‌കൂളുകളിലും കോളജുകളിലും കൈ കടിച്ച് മുറിച്ച് സ്നേഹം പ്രകടിപ്പിക്കുന്നത് പുതിയ ട്രെൻഡായി മാറുന്നു. സഹപാഠികൾ തമ്മിലാണ് ഈ സ്നേഹ പ്രകടനം. സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോകളാണ് ഇത്തരം സ്നേഹ പ്രകടനങ്ങൾക്ക് പ്രചോദനമാകുന്നതെന്ന് ഒരു രക്ഷിതാവ് സാക്ഷ്യപ്പെടുത്തുന്നു.
കാസർകോട് ജില്ലയിൽ ഇത്തരത്തിൽ കൂട്ടുകാരിയുടെ കടിയേറ്റ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കൈപഴുത്ത് ആശുപത്രിയിലായി. നഗരത്തിനു സമീപത്തെ ഒരു ഹയർ സെകൻഡറി സ്‌കൂളിൽ പഠിക്കുന്ന തളങ്കര സ്വദേശിനിയായ വിദ്യാർഥിനിയാണ് കൈപഴുത്ത് ആശുപത്രിയിലായത്. കൈക്ക് മുറിവേറ്റ കാര്യം വിദ്യാർഥിനി അധ്യാപകരിൽ നിന്നും വീട്ടുകാരിൽ നിന്നും ആദ്യം മറച്ചുവച്ചു.
എന്നാൽ മുറിവേറ്റ ഭാഗം പഴുത്തതോടെയാണ് സംഭവം വീട്ടുകാരെ അറിയിക്കാൻ പെൺകുട്ടി നിർബന്ധിതയായത്. പിന്നീട് വീട്ടുകാർ ആശുപത്രിയിലാക്കുകയായിരുന്നു. എങ്ങനെയാണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴാണ് കൂട്ടുകാരി സ്നേഹം പ്രകടിപ്പിച്ച് കൈക്ക് കടിച്ചതാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. തന്റെ സ്നേഹം പല്ലിന്റെ അടയാളമായി കയ്യിൽ ഉണ്ടാവണമെന്ന് പറഞ്ഞാണ് സഹപാഠി കടിച്ചതെന്നാണ് പറയുന്നത്.
ഇത്തരത്തിൽ ഏതാനും വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. കാമുകനോട് പെൺകുട്ടി കയ്യിൽ കടിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇതിൽ കൂടുതൽ വൈറലായത്. പണ്ടുകാലത്തുണ്ടായിരുന്ന പല സ്നേഹ പ്രകടനങ്ങളും മാറി ഇപ്പോൾ ഉപദ്രവിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണ് കുട്ടികളിൽ കാണുന്നതെന്ന് ഒരു അധ്യാപികയും പറഞ്ഞു.
കോംപസ് കൊണ്ട് പേരുകൾ കൈകളിൽ വരഞ്ഞുവെക്കുന്ന ധാരാളം പേരെ കലാലയങ്ങളിൽ കാണാം. സെൻഡോഫ് ദിനങ്ങളിലാണ് ഇത്തരത്തിലുള്ള സ്നേഹ പ്രകടനം കൂടുതലായി കാണുന്നത്. നവാഗതരെ സ്വീകരിക്കുന്നതിന്റെ ഭാഗമായും ചിലർ ക്രൂരമായ പെരുമാറ്റം നടത്തുന്നുണ്ട്. സ്‌കൂളുകളിൽ വിദ്യാർഥികൾ തമ്മിൽ മുമ്പുള്ളതിനേക്കാൾ ശക്തമായി സംഘർഷാവസ്ഥയും നിലനിൽക്കുന്നുണ്ടെന്നാണ് ആക്ഷേപം. തല്ലുമാല എന്ന് പേരിട്ട് ഒരുകൂട്ടർ മറ്റൊരു കൂട്ടർ അടിച്ചൊതുക്കുന്ന രീതിയും കണ്ടുവരുന്നു.
കഴിഞ്ഞ ദിവസം ജില്ലയിലെ ചട്ടഞ്ചാൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ 15 ഓളം വരുന്ന മുതിർന്ന വിദ്യാർഥികൾ അടിച്ച് തോളെല്ല് പൊട്ടിച്ചത് ഇതിന് ഉദാഹരണമാണ്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവാതെ പരസ്പരം സംഘടിച്ച് പോരിനിറങ്ങുന്ന വിദ്യാർഥികളുടെ എണ്ണവും കൂടി വരുന്നുണ്ട്. പണ്ട് രാഷ്ട്രീയമായി വിദ്യാർഥി സംഘടനകളുടെ പേരിലാണ് തിരഞ്ഞെടുപ്പ് കാലത്തും സെൻഡോഫ് ദിനങ്ങളിലും അടികൂടിയിരുന്നത്.
എന്നാലിന്ന് കലാലയങ്ങളിൽ നിത്യവും അടിയാണ്. ഗുരുതരമായി പരുക്കേൽക്കുന്ന സംഭവങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ വലിയ രീതിയിലുള്ള ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കാൻ കാരണമാകുന്നുണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഇത് കൂടാതെ ലഹരി മരുന്നിന്റെ ഉപയോഗവും കുട്ടികളിൽ ക്രിമിനൽ സ്വഭാവം വളർത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്നാണ് ആവശ്യം.