MovieNEWS

മലയാളം ‘ജയിലറി’ന് തിയറ്ററുകള്‍ നിഷേധിച്ചതായി സംവിധായകന്‍; ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിന്

രേ പേരില്‍ തമിഴ്, മലയാളം ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുന്നത് സിനിമാ മേഖലയില്‍ സമീപകാലത്ത് വാര്‍ത്തയും വിവാദവുമായ കാര്യമാണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രവും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാള ചിത്രവുമാണ് ജയിലര്‍ എന്ന ഒരേ പേരില്‍ തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 10 ആണ് രണ്ട് ചിത്രങ്ങളുടെയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി.

അതേസമയം, ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നതിനാല്‍ തന്റെ ചിത്രത്തിന് തിയറ്ററുകള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് പറയുകയാണ് മലയാളം ജയിലറിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഇതിനെതിരെ താന്‍ ഒറ്റയാള്‍ സമരത്തിന് ഇറങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പ് ആയ സിനിഫൈലില്‍ ഇട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Signature-ad

സക്കീര്‍ മഠത്തിലിന്റെ കുറിപ്പ്

”ഹായ്, ഞാന്‍ ജയിലര്‍ സിനിമയുടെ സംവിധായകനാണ്. സക്കീര്‍ മഠത്തില്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ എന്റെ സിനിമയ്ക്ക് തിയറ്ററുകള്‍ നിഷേധിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.. അതിന് എതിരെ ഇന്ന് വൈകിട്ട് 3 മണിക്ക് എം ജി റോഡിലുള്ള ഫിലിം ചേമ്പറിന് മുന്നില്‍ ഞാന്‍ ഒറ്റയാള്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍ മലയാള സിനിമ ശ്വാസം മുട്ടുന്നു.. നമുക്കും വേണ്ടേ റിലീസുകള്‍…. എന്നിങ്ങനെയുള്ള കാര്യങ്ങളെ ഊന്നി കൊണ്ടാണ് സമരം. ഈ വിവരം ഇവിടെ ഉള്ള സിനിമ സ്‌നേഹികളുടെ മുന്നിലേക്ക് അറിയിക്കാന്‍ വന്നതാണ്. നന്ദി”

പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലെന്നാണ് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2 ന് പരിഗണിക്കും.

 

Back to top button
error: