IndiaNEWS

ഹരിയാനയിലെ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു;ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുരുഗ്രാമിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.രണ്ടു ഹോംഗാര്‍ഡുകളാണ് കൊല്ലപ്പെട്ടത്.

12 പൊലീസുകാർക്കടക്കം  അമ്ബതിലധികം പേര്‍ക്ക് പരിക്കേറ്റു. ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുഗ്രാമിലും ഫരീദാബാദിലും സ്കൂളിനും കോളജിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്ര തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.രണ്ടു സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.

Signature-ad

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്ര ഗുരുഗ്രാം-ആള്‍വാര്‍ ദേശീയപാതയില്‍ ഒരു സംഘം യുവാക്കള്‍ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.ഘോഷയാത്രയ്ക്ക് നേരെ കല്ലേറുമുണ്ടായി.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകൻ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജ്‌റംഗ്ദള്‍ അംഗം മോനു മനേസറും കൂട്ടാളികളുമാണ് വീഡിയോ പ്രചരിപ്പിച്ചത്.പശുക്കടത്ത് ആരോപിച്ച് രണ്ടു മുസ്ലിം യുവാക്കളെ കൊന്നതുൾപ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇയാൾ. യാത്രയ്ക്കിടെ സംഭവം നടന്ന മേവാത്തില്‍ തങ്ങുമെന്ന് മോനു മനേസര്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ കണക്കിൽ ‘പിടികിട്ടാപ്പുള്ളിയായിരുന്നു’ മോനു മനേസർ.ഇയാളായിരുന്നു റാലി സംഘടിപ്പിച്ചത്.

Back to top button
error: