തൃശൂർ നൈൽ ആശുപത്രിയിലെ നഴ്സുമാരെ എം.ഡി ഡോ. അലോക് മർദ്ദിച്ച കാരണത്തിൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം. നഴ്സുമാരുടെ സംഘടനയായ യുഎൻഎയിൽ അംഗമായതിനു പിന്നാലെ 6 നഴ്സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരിൽ നഴ്സുമാർ പ്രതിഷേധം ആരംഭിച്ചതോടെ ലേബർ ഓഫിസർ ചർച്ചയ്ക്കു വിളിച്ചു. എന്നാൽ, ഇവരെ തിരിച്ചെടുക്കാനാകില്ലെന്ന് ആശുപത്രി എംഡി കടുംപിടിത്തം പിടിച്ചതോടെ ചർച്ച അലസി. പിരിച്ചുവിട്ടതിന്റെ കാരണമറിയണമെന്ന നിലപാടുമായി നഴ്സുമാർ ചുറ്റും നിന്നപ്പോഴാണ് എംഡി അക്രമാസക്തനായി നഴ്സുമാരെ മർദ്ദിച്ചത്.
തുടർന്നാണ് പ്രതിഷേധവുമായി കേരളാ ഗവ: നഴ്സസ് യൂണിയൻ രംഗെത്തെത്തിയത്. തൃശൂർ ജില്ലയിൽ നഴ്സുമാർ സമരം തുടരുകയാണ്. നൈൽ ആശുപത്രിയിലേക്ക് യു.എൻ.എ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ മാർച്ച് നടത്തും. ആശുപത്രി ഉപരോധിക്കും. ഡോ. അലോകിനെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു.
നഴ്സുമാരെ പിരിച്ചുവിട്ട സംഭവത്തിൽ ചർച്ച നടക്കുന്നതിനിടെ ഡോ. അലോക് ചവിട്ടിയെന്നാണ് ഗർഭിണിയായ നഴ്സിന്റെ ആരോപണം. എന്നാൽ നഴ്സിനെ ചവിട്ടി എന്ന ആരോപണം ഡോ അലോക് നിഷേധിച്ചു.
മതിയായ ക്വാളിഫിക്കേഷൻ ഇല്ലാത്ത നഴ്സുമാരെയാണ് പിരിച്ചുവിട്ടതെന്നും തന്നെയാണ് നഴ്സുമാർ ഉപദ്രവിച്ചതെന്നും ഡോക്ടർ അലോകും ആരോപ്പിച്ചു. യോഗ്യതയില്ലാത്തവരെ പിരിച്ചുവിട്ടതിനുള്ള പ്രതികാര മനോഭാവമാണ് നഴ്സുമാരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും ഡോ. അലോക് പറഞ്ഞിരുന്നു. മർദ്ദനമേറ്റ പാടുകൾ കാണിച്ചായിരുന്നു ഡോക്ടറുടെ വിശദീകരണം.
ഇതിനിടെ ഡോ. അലോകിനെതിരെ യുക്തമായനടപടി ഉണ്ടായില്ലെങ്കിൽ സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ സർക്കാർ മേഖലയിലെ നഴ്സുമാരും ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് കേരള ഗവ: നഴ്സസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.