ഹോങ് കോങ്: ലോകമെമ്പാടുമുള്ള അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിലൂടെ പ്രശസ്തനായ ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി, ഹോങ് കോങ്ങിലെ 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു.
ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്സിന്റെ മുകളില്‍നിന്ന് വീണതിനെ തുടര്‍ന്നാണ് മുപ്പതുകാരനായ റെമി മരിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പ്പതാമത്തെ നിലയിലുള്ള സുഹൃത്തിനെ കാണാന്‍ എത്തിയത് എന്നാണ് റെമി, കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനോട് പറഞ്ഞിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെമി പറഞ്ഞത് വാസ്തവമാണോ എന്നറിയാന്‍ സുരക്ഷാ ജീവനക്കാരന്‍ ശ്രമിക്കുന്നതിനിടെ എലവേറ്ററിലൂടെ റെമി മുകളിലേക്ക് പോവുകയായിരുന്നു.
മുകളിലെ നിലയിലെത്തിയ റെമി, കെട്ടിടത്തിന്റെ പുറത്ത് കുടുങ്ങി. ഇതോടെ രക്ഷപ്പെടുന്നതിന് റെമി കെട്ടിടത്തിന്റെ ജനാലയില്‍ നിരവധി തവണ തട്ടിവിളിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു ജോലിക്കാരി പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍, അതിനിടെ കാല്‍വഴുതി റെമി താഴേക്ക് വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് റെമിയുടെ ക്യാമറ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ റെമി നടത്തിയ സാഹസികതയുടെ ദൃശ്യങ്ങളുണ്ട്.