KeralaNEWS

”ഒരു മുണ്ട് തന്നാല്‍ മതി കര്‍മം ചെയ്യാമെന്ന് പറഞ്ഞു; മാപ്പു പറഞ്ഞപ്പോള്‍ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കില്‍…” ആലുവയില്‍ കുഞ്ഞിന്റെ മരണാന്തര ‘കര്‍മം’ ചെയ്ത തട്ടിപ്പുകാരനെതിരേ അന്‍വര്‍ സാദത്ത്

എറണാകുളം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്നാണു കരുതുന്നതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. പെണ്‍കുട്ടി അന്യസംസ്ഥാനക്കാരി ആയതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ തയാറായില്ലെന്ന വാദം തെറ്റാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം. അയാള്‍ കര്‍മങ്ങള്‍ ചെയ്യാന്‍ യോഗ്യനല്ലെങ്കില്‍ അതിനെ നിയമപരമായി നേരിടണമെന്നും അദ്ദേഹം അറിയിച്ചു.

”ഞാനിതിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ കക്ഷി ഇത് ഏറ്റെടുക്കുകയായിരുന്നു. എനിക്കൊരു മുണ്ട് തന്നാല്‍ മതി ഞാന്‍ ചെയ്‌തോളാമെന്നാണു പറഞ്ഞത്. അവര്‍ നോക്കുമ്പോള്‍ വേറെ ആളെ അന്വേഷിക്കാനുള്ള സമയമില്ല. അങ്ങനെയാണ് ഈ കക്ഷി കര്‍മങ്ങള്‍ ചെയ്യുന്നത്. ഈ കുട്ടിക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യണ്ടേ എന്നൊരു അഭിപ്രായം ആ ഹാളില്‍ നില്‍ക്കുമ്പോള്‍ വന്നു. അങ്ങനെയാണ് ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞത് അനുസരിച്ച് കുട്ടിയുടെ ബന്ധുക്കളോടു ചോദിച്ചു. ആദ്യം കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞത് അഞ്ചു വയസ്സ് പ്രായം മാത്രമുള്ളതു കൊണ്ട് കര്‍മം ചെയ്യേണ്ട എന്നാണ്. പിന്നീട് അവര്‍ കര്‍മം ചെയ്താല്‍ നല്ലതാണെന്നു പറഞ്ഞു. തുടര്‍ന്നാണ് രാജി രമണന്‍ ചേലാത്ത് എന്ന പഞ്ചായത്ത് മെമ്പറോട് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആളെ വേണമെന്ന് പറഞ്ഞത്.

Signature-ad

പിന്നാലെ, രമണന്‍ കര്‍മങ്ങളുടെ സാധനങ്ങള്‍ വാങ്ങിവച്ച് കര്‍മിയെ അന്വേഷിച്ചു നടക്കുന്നതിനിടെയാണ് രേവത് എന്നയാള്‍ അയാള്‍ കര്‍മം ചെയ്യാമെന്നു പറഞ്ഞ് സ്വയം മുന്നോട്ടു വന്നത്. കര്‍മങ്ങളെല്ലാം അയാള്‍ ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ഒരു ചാനലിന് അഭിമുഖം കൊടുക്കുന്നതാണ് കണ്ടത്. മറ്റൊരു സംസ്ഥാനത്തെ കുട്ടിയായതുകൊണ്ട് കര്‍മം ചെയ്യാന്‍ ആരും തയാറായില്ലെന്നും അതിനാല്‍ ഞാന്‍ സ്വയം ഏറ്റെടുത്തെന്നും ഇയാള്‍ പറയുന്നത് കേട്ടു. സത്യം പറഞ്ഞാല്‍ ഇതു കേട്ട് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ അയാളെ അപ്പോ തന്നെ കെട്ടിപ്പിടിച്ചു.

ഇതൊക്കെ കഴിഞ്ഞ് തൃശൂരില്‍ വന്നപ്പോഴാണ് ഇയാള്‍ ആരാണെന്ന് അറിയുന്നത്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നു കേട്ടു. അയാള്‍ അത് ചെയ്യാന്‍ യോഗ്യനല്ലെങ്കില്‍ അതിനെ നിയമപരമായി നേരിടണം. ഒരു ചെറുപ്പക്കാരന്‍, അയാളുടെ വേഷമൊക്കെ കണ്ടില്ലേ, ആരായാലും വിശ്വസിച്ചു പോകും. വേറാരും വന്നില്ലാന്ന് അയാള്‍ പറഞ്ഞതു കളവാണെന്നാണു കരുതുന്നത്. രേവന്ത് പറഞ്ഞത് ആ മെമ്പര്‍ അയാളുടെ ശുദ്ധമനസ്സുകൊണ്ട് വിശ്വസിച്ചു പോയതാകും.” – അന്‍വര്‍ സാദത്ത് പറഞ്ഞു. രേവത് മാപ്പു പറഞ്ഞെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘മാപ്പു പറഞ്ഞപ്പോള്‍ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കില്‍ അതാണ് ചെയ്യേണ്ടിയിരുന്നത്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

അതേസമയം, ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കര്‍മികള്‍ വിസമ്മതിച്ചെന്ന പരാമര്‍ശത്തില്‍ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരേ പരാതി. ആലുവ സ്വദേശി അഡ്വ: ജിയാസ് ജമാലാണ് റൂറല്‍ എസ്പിക്കു പരാതി നല്‍കിയത്. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നു പരാതിയില്‍ പറയുന്നു. പ്രസ്താവനയിലൂടെ മതസ്പര്‍ധ വളര്‍ത്താനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നും പരാതിയിലുണ്ട്. താന്‍ ഉന്നയിച്ച ആരോപണം നാക്കുപിഴയാണെന്ന് പിന്നീട് രേവത് പ്രതികരിച്ചു.

 

 

Back to top button
error: