ആലപ്പുഴ: ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജില്ലാ ജയിലിനുള്ളില്‍ കയറി അസി. സൂപ്രണ്ടിനൊപ്പം ചേര്‍ന്നു തടവുകാരനെ മര്‍ദിച്ചതു അമ്പലപ്പുഴ കോമന സ്വദേശി നസീം നസീറാണെന്നു പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കേസില്‍ പ്രതി ചേര്‍ത്തു. സ്ത്രീയെയും കുട്ടിയെയും ആക്രമിച്ച് അറസ്റ്റിലായി ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്ന നസീം രണ്ടാഴ്ച മുന്‍പാണു പുറത്തിറങ്ങിയത്.
ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കു ശേഷം ജില്ലാ ജയില്‍ അസി. സൂപ്രണ്ട് ബി.ഷാജിമോന്‍, നസീമിനെ ജയിലിലേക്കു വിളിച്ചുവരുത്തുകയും സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് ഇരുവരും ചേര്‍ന്നു റിമാന്‍ഡ് തടവുകാരനായ മണ്ണഞ്ചേരി സ്വദേശി ഫൈസലിനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണു കേസ്.
കേസില്‍ അസി.സൂപ്രണ്ട് ഷാജിമോനെ നേരത്തേ പ്രതി ചേര്‍ത്തിരുന്നെങ്കിലും രണ്ടാം പ്രതിയെ തിരിച്ചറിയാത്തിനാല്‍ പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിരുന്നില്ല. അസി. സൂപ്രണ്ടും അദ്ദേഹത്തിന്റെ ബന്ധുവും ചേര്‍ന്നു സൂപ്രണ്ടിന്റെ മുറിയില്‍ വച്ചു തന്നെ മര്‍ദിച്ചെന്നായിരുന്നു ഫൈസലിന്റെ മൊഴി. ജയിലിലെ സന്ദര്‍ശക രജിസ്റ്ററും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് പ്രതി നസീമാണെന്നു കണ്ടെത്തി. .
21 നാണ് ഫൈസലിനു മര്‍ദനമേറ്റത്. നസീം അന്ന് ഉച്ചയ്ക്ക് 12.05 മുതല്‍ 12.50 വരെ ജയിലില്‍ ഉണ്ടായിരുന്നതായി ജയിലിലെ ഇന്‍ഔട്ട് രജിസ്റ്ററിലുണ്ട്.