CrimeNEWS

കാര്‍ പാര്‍ക്ക് ചെയ്തതിന് അയല്‍വാസികളുട തര്‍ക്കം; കാര്‍ അടിച്ചുതകര്‍ത്തു, പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമം

തിരുവനന്തപുരം: വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത് ഗൃഹനാഥനെ മര്‍ദിക്കുകയും തൊട്ടുപിന്നാലെ ആളുകളെ കൂട്ടിയെത്തി കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. കാറില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച പെണ്‍കുട്ടിക്ക് നേരെ പെട്രോള്‍ വീശി എറിയുകയും ചെയ്തു. മലയിന്‍കീഴ് പൊറ്റകാവിന്‍പുറത്ത് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഓഫീസിനു സമീപം ലേഖ നിവാസില്‍ വാടകക്ക് താമസിക്കുന്ന റീനയുടെ കാറാണ് തകര്‍ത്തത്. ഇവരുടെ വീടിന്റെ രണ്ടാമത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന അരവിന്ദ്, ഇയാളുടെ അമ്മാവന്‍ മണികണ്ഠന്‍, അരവിന്ദിന്റെ സുഹൃത്ത് എന്നിവര്‍ ചേര്‍ന്നാണ് കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത ശേഷം തീയിട്ടതെന്ന് മലയിന്‍കീഴ് പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഞായറാഴ്ച്ച റീനയുടെ വീട്ടില്‍ വന്ന ബന്ധുക്കളുടെ കാര്‍ ഇവര്‍ താമസിക്കുന്ന വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. ഈ സമയം ഗുഡ്‌സ് ഓട്ടോയില്‍ അവിടെയെത്തിയ അരവിന്ദ് നിറുത്താതെ ഹോണ്‍ മുഴക്കുകയും ഇത് നോക്കാന്‍ പുറത്ത് ഇറങ്ങിയ റീനയെ അസഭ്യം പറഞ്ഞുകൊണ്ട് കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Signature-ad

തുടര്‍ന്ന് വീട്ടിനുള്ളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന റീനയുടെ ഭര്‍ത്താവ് മഹേഷ് ഇറങ്ങി വന്നപ്പോള്‍ ഇയാളെയും അരവിന്ദ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു. ഇരുവര്‍ക്കുമിടയില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും മഹേഷിനെ അരവിന്ദ് മര്‍ദിച്ചതായും പറയുന്നു. ഇതിന് പിന്നാലെ തുടര്‍ന്ന് റീന മലയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് അരവിന്ദും കൂട്ടരും എത്തി കാര്‍ അടിച്ചു തകര്‍ക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തത്.

സംഘം വാഹനം അടിച്ച് തകര്‍ക്കുമ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന റീനയുടെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകളുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ചുവെന്നും രണ്ട് തവണ തീപ്പെട്ടി കത്തിച്ച് എറിഞ്ഞതായും പരാതിയില്‍ ആരോപിക്കുന്നു. സംഘം സ്ഥലത്തു നിന്ന് പോയതിന് ശേഷമാണ് കാറിലെ തീകെടുത്തിയത്. ഇതിന് ശേഷം മഹേഷ് മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും പരാതി നല്‍കി. മെഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

 

 

Back to top button
error: