CrimeNEWS

നവജാത ശിശുവിന്റെ മരണം കൊലപാതകം; കൊന്നത് അപമാനം ഭയന്നെന്ന് അമ്മയുടെ മൊഴി

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജൂലി(40)യെ പോലീസ് അറസ്റ്റ് ചെയ്തു. പരിഹാസം സഹിക്കാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലിയുടെ പ്രാഥമിക മൊഴി.

12 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചുപോയ ജൂലിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിലാണ് ഗര്‍ഭിണിയായത്. എന്നാല്‍, വിധവയായിരുന്നതിനാല്‍ കുട്ടിയുണ്ടാവുന്നതില്‍ അവര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരോടും കവാമുകനോടും മറച്ചുവെച്ചു. തുടര്‍ന്ന് കുട്ടി ജനിച്ചയുടനെ വായും മുഖവും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു.

Signature-ad

കടലിലൂടെ ഒഴുകിവന്ന മൃതദേഹം എന്ന നിലയിലാണ് പോലീസ് അന്വേഷണം തുടങ്ങിയതെന്ന് എ.എസ്.പി. സുള്‍ഫിക്കര്‍ എം.കെ. മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുകയും ഒരാളെ ചോദ്യംചെയ്യുകയുമുണ്ടായി. അവര്‍ പക്ഷേ കുറ്റം സമ്മതിച്ചില്ല. ഇതോടെ പോലീസ് മറ്റൊരു വഴിതേടി. ഡോക്ടറാണെന്ന വ്യാജേന സി.ഐ. അവരോട് ഫോണില്‍ സംസാരിച്ചു. ഡോക്ടറാണെന്ന് വിശ്വസിച്ച് അവര്‍ സംസാരിച്ചപ്പോഴുള്ള ഏറ്റുപറച്ചിലിലാണ് പ്രതി ജൂലി തന്നെയാണെന്ന് ഉറപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചെങ്കിലും അയല്‍ക്കാര്‍ക്ക് സംശയമുണ്ടായിരുന്നു. അത് അവര്‍ തങ്ങളോട് പങ്കുവെച്ചതോടെയാണ് ജൂലിയിലേക്ക് എത്തിച്ചേരാന്‍ സഹായിച്ചതെന്ന് പോലീസ് അറിയിച്ചു.

അന്വേഷണത്തെക്കുറിച്ച് അഞ്ചുതെങ്ങ് സി.ഐ: ജി. പ്രൈജു പറയുന്നതിങ്ങനെ: കൊല്ലത്തും ആലപ്പുഴയിലുമടക്കം ആളുകളെ സംശയമുണ്ടായിരുന്നു. ആ നിലയിലും അന്വേഷണം നടത്തി. ജൂലിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചിരുന്നു. പ്രതി ജൂലിയാണെന്ന് അറുപത് ശതമാനത്തിലേറെ ഉറപ്പിച്ചപ്പോഴാണ് മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെ അവരെ ചോദ്യംചെയ്തത്. ചോദ്യംചെയ്യലില്‍ അവരത് നിഷേധിച്ചു. ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍, ഇവര്‍ ഗര്‍ഭിണിയായിരുന്നുവെന്നും അടുത്തിടെ പ്രസവിച്ചതാണെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തന്നു.

പ്രസവിച്ച കാര്യം ഗൈനക്കോളജിസ്റ്റിനോട് അവര്‍ സമ്മതിച്ചെങ്കിലും കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍, പിന്നീട് ഫോണില്‍ വിളിച്ച് ഡോക്ടറാണെന്ന് പറഞ്ഞ് സംസാരിച്ചപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എന്തിനാണ് ശ്വാസംമുട്ടിച്ച് കുട്ടിയെ കൊന്നതെന്നും കുട്ടിയെ വേണ്ടായിരുന്നെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാമായിരുന്നില്ലേയെന്നടക്കം ഡോക്ടര്‍ എന്ന വ്യാജേന ചോദിച്ചു. ഇതോടെയാണ് പരിഹാസം സഹിക്കാന്‍ ആവാത്തതിനാലാണ് കൊലപാതകമെന്ന് ഇവര്‍ സമ്മതിക്കുന്നത്. ജനിച്ചയുടെ അഞ്ചുമിനിറ്റോളം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

 

Back to top button
error: