കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജന് മുന്നറിയിപ്പു നല്കി.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയാണു പി.ജയരാജന്റേത്. സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജയരാജന്.
ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകന് ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ.ഗണേഷ് പ്രസംഗിച്ചിരുന്നു.