കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വിലകൂടിയ ഷേവിംഗ് കാട്രിഡ്ജുകള്‍ മാത്രം മോഷ്ടിക്കുന്ന പ്രതികള്‍ പിടിയില്‍. മുംബൈ സ്വദേശികളായ മനീഷ് മക്യാജന്‍ (23), മെഹബൂബ് മഹമൂദ് ഷേക്ക് (24), അയാന് മൊയ്തീന് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഷേവിംഗ് കാട്രിഡ്ജുകളാണ് ഇവര്‍ മോഷ്ടിച്ചത്. വിലപിടിപ്പുള്ള ഷേവിംഗ് കാട്രിഡ്ജുകള്‍ വസ്ത്രങ്ങളുടെ ഉള്ളിലാക്കി കടത്തിക്കൊണ്ടു പോകുന്നതാണ് ഇവരുടെ രീതി. 500 മുതല്‍ 1000 രൂപ വരെ വില വരും ഒരു കാട്രിഡ്ജിന്.
മരടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ മോഷണം അന്വേഷിക്കുന്നതിനിടെയാണ് പ്രതികളെ കോഴിക്കോട് നിന്ന് എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും മരട് പോലീസും കോഴിക്കോട് സിറ്റി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, പ്രതികള്‍ ഇവരെ ആക്രമിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പല ദിവസങ്ങളിലായി മോഷ്ടിക്കുന്ന നൂറു കണക്കിന് കാട്രിഡ്ജുകളുമായി ഇവര്‍ മുംബയിലേയ്ക്ക് മടങ്ങും. 3-5 ലക്ഷം രൂപയുടെ കാട്രിഡ്ജുകളാണ് ഓരോ വരവിലും പ്രതികള്‍ മോഷ്ടിക്കുന്നത്.
പ്രതികളെ കണ്ടെത്താന്‍ എ.ഐ ക്യാമറകള്‍ സഹായിച്ചു. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ എ.ഐ സെര്‍വറില്‍ അപ്ലോഡ് ചെയ്ത ശേഷം വിവിധ ജില്ലകളിലെ ക്യാമറകളില്‍ പതിഞ്ഞ ഇതിനോടു സാദൃശ്യമുള്ള വ്യക്തികളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.