കോട്ടയം: വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമാണം പൂർത്തിയായി. വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുളള 50 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ബിനോയ് വിശ്വം എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. ആദ്യഘട്ടം 50 ലക്ഷം രൂപയും രണ്ടാം ഘട്ടം 18 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. ആശുപത്രിയിലേക്കുളള വഴി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
3225 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ആശുപത്രി കെട്ടിടത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക വാർഡുകൾ, ഡോക്ടേഴ്സ് റൂം, ചികിത്സ റൂം, നേഴ്സസ് റൂം, ശുചിമുറികൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 30 ഓളം കിടക്കകൾ ഉൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിലെ വൈദ്യൂതീകരണം, ജലവിതരണ സംവിധാനം എന്നിവയുടെ പണി പുരോഗമിക്കുകയാണ്. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടം സംരക്ഷിച്ചാണ് പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്.