CrimeNEWS

പനാമാ കള്ളപ്പണ ഇടപാടില്‍ പ്രവാസി മലയാളി കുടുംബത്തിന് ഇ.ഡി. കുരുക്ക്; ദുബായിലേക്ക് കടക്കാനുള്ള നീക്കം തടഞ്ഞു

കൊച്ചി: ശതകോടികളുടെ പാനമ കള്ളപ്പണ നിക്ഷേപത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ് മാത്യുവിനും കുടുംബത്തിനും എതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടി ആരംഭിച്ചു. വിദേശത്ത് സ്ഥിരതാമസമാക്കിയ ജോര്‍ജ് മാത്യുവും കുടുംബവും ദുബായിലേക്ക് മടങ്ങാന്‍ ശ്രമിക്കവേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞ് മടക്കിയയച്ചു. ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി. ജോര്‍ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ ഇ.ഡി. ചോദ്യംചെയ്തു.

കോട്ടയം അയ്മനം സ്വദേശിയാണ് ജോര്‍ജ് മാത്യു. നാല്‍പ്പതു വര്‍ഷമായി ദുബായിലാണ് ഇവരുടെ താമസം. ചൊവ്വാഴ്ച പുലര്‍ച്ച രണ്ടുമണിക്കുള്ള വിമാനത്തില്‍ ദുബായിലേക്ക് കടക്കാനായി ജോര്‍ജ് മാത്യുവും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍, ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസിന്റെ പശ്ചാത്തലത്തില്‍ തിരിച്ചയക്കുകയായിരുന്നു.

Signature-ad

2016-ലാണ് രാജ്യത്തെ സിനിമാരംഗത്തെ പ്രമുഖരുടേത് അടക്കമുള്ള കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ചുള്ള പാനമ പേപ്പര്‍ പുറത്തുവരുന്നത്. തുടര്‍ന്നാണ് ജോര്‍ജ് മാത്യുവിലേക്ക് അന്വേഷണം എത്തിയത്. 2022 ഏപ്രിലില്‍ ജോര്‍ജ് മാത്യുവുമായി ബന്ധപ്പെട്ട കൊച്ചിയിലെ ചില സ്ഥാപനങ്ങളിലും വീടുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

ഒരു വര്‍ഷവായി ജോര്‍ജ് മാത്യുവും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും മക്കളും മറ്റും ഇ.ഡി നിരീക്ഷണത്തിലാണ്. ഇതിനിടെ ജോര്‍ജ് മാത്യുവിനെയും മകനെയും ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, അതിനിടയ്ക്ക് ജോര്‍ജ് മാത്യു വിദേശത്തേക്ക് പോയി. പിന്നീട് മടങ്ങിവന്നില്ല. നിരവധി തവണ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചുവെങ്കിലും ഫലമുണ്ടായില്ല. 15 ദിവസം മുന്‍പാണ് കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവര്‍ കേരളത്തിലെത്തിയത്.

കള്ളപ്പണ ഇടപാടും ജോര്‍ജ് മാത്യുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തെത്തിയതിന് പിന്നാലെയാണ് ഇവര്‍ ദുബായിലേക്ക് വീണ്ടും കടക്കാന്‍ ശ്രമിച്ചതും ഇ.ഡി. തടഞ്ഞതും. ചൊവ്വാഴ്ച ജോര്‍ജിനെയും അഭിഷേകിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. എന്നാല്‍ നെഞ്ചുവേദനയെന്ന് പറഞ്ഞ് ജോര്‍ജ് ഹാജരായില്ല. അഭിഷേക് ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തു. രാവിലെ മുതല്‍ രാത്രി വൈകിവരെ ചോദ്യം ചെയ്യല്‍ നീണ്ടു.

Back to top button
error: