KeralaNEWS

തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത്; പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല:കെ.സുധാകരൻ

കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ തന്റെ പേര് പരാമര്‍ശിച്ച്‌ വരുന്ന വാര്‍ത്തകള്‍  തെറ്റിദ്ധാരണാജനകമാണ്.സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്ബോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച്‌ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല.ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത്’-  സുധാകരന്‍ അഭ്യര്‍ഥിച്ചു.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിന്തുടരുന്ന സംഘടനാ രീതികളുണ്ട്. കെ പി സി സിയുടേയും എ ഐ സി സിയുടേയും തിരഞ്ഞെടുപ്പ് കമ്മിറ്റികളുണ്ട്. അതെല്ലാം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. ആ ഘട്ടത്തിലായിരിക്കാം സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പാര്‍ട്ടിയിലുണ്ടാവുക എന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു.

Back to top button
error: