KeralaNEWS

റോഡപകടങ്ങൾ കൂടുതലും  നടക്കുന്നത് മഴക്കാലത്തല്ല, തണുപ്പുകാലത്തും വേനല്‍ക്കാലത്തും; സര്‍ക്കാര്‍ പഠനം പറയുന്നത് ഇങ്ങനെ

     റോഡപകടങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് മഴക്കാലത്താണെന്നാണ്  പലരുടെയും ധാരണ. എന്നാല്‍ ഇതു തെറ്റാണ്. കൂടുതല്‍ അപകടങ്ങളും നടക്കുന്നത് തണുപ്പുകാലത്തും വേനല്‍ക്കാലത്തും ആണെന്നാണ് സര്‍ക്കാരിന്റെ പുതിയ പഠനം വ്യക്തമാക്കുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ 2018- ’22 കാലയളവിലെ കേരളത്തിലെ റോഡപകടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലാണിത്.

പഠനം അനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 19, 468 പേരുടെ ജീവന്‍ റോഡപകടങ്ങളിലൂടെ നഷ്ടമായിട്ടുണ്ട്. മരിച്ചവരില്‍ 60 ശതമാനവും 18നും 45 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. അപകടങ്ങളിൽ മിക്കവരും മരണപ്പെടുന്നു എന്ന വസ്തുതയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കാലാവര്‍ഷത്തിന് ശേഷം റോഡുകള്‍ ഉണങ്ങി കാഴ്ചകള്‍ വ്യക്തമാകുന്ന സമയത്താണ് കൂടുതല്‍ അപകടമുണ്ടാകുന്നത്. ഈ സമയത്ത് നല്ല റോഡും മെച്ചപ്പെട്ട കാലവസ്ഥയും  ആയതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനത്തിന്റെ വേഗത കൂട്ടാനുള്ള പ്രേരണ ഉണ്ടാകുന്നത് കൊണ്ടാണ് അപകടങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്ന് പഠനം പറയുന്നു.
മഴക്കാലത്ത് ഗതാഗത കുരുക്ക് മൂലവും വഴുക്കലുള്ള റോഡുകള്‍ ആയതിനാലും ആളുകള്‍ വേഗത കുറക്കുമ്പോള്‍ അപകടങ്ങള്‍ കുറയുന്നു.

റോഡുകളിലെ മരണങ്ങള്‍ തടയാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ അധ്യക്ഷനായ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. റോഡുകളുടെ മോശം അവസ്ഥ, റോഡുകളില്‍ പ്രത്യേകിച്ച് അപകടം നടക്കുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ സൂചന ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കുന്നതിലും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും മോട്ടോര്‍ വാഹന വകുപ്പിന്റെ ഗുരുതരമായ വീഴ്ചകളാണ് അപകടം നടക്കുന്നതിന്റെ പ്രധാന കാണണമെന്നാണ് കെ എസ് രാധാകൃഷ്ണന്റെ നാഗമനം.

റിപ്പോര്‍ട്ട് അനുസരിച്ചു 2018-’22 കാലയളവില്‍ 1,86,375 അപകടങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ 19468 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,11,534 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങളില്‍ 67 ശതമാനവും ഡ്രൈവര്‍മാരുടെ പിഴവ് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് ശതമാനം അപകടങ്ങളുടെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. സൈക്കിള്‍ യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും അശ്രദ്ധയും
സാങ്കേതിക തകരാറുകളും അശ്രദ്ധമായ ഡ്രൈവിങുമെല്ലാം വളരെ കുറവാണ്. വെളിച്ചക്കുറവ്, അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍, മോശം കാലാവസ്ഥ, മോശം റോഡുകള്‍ തുടങ്ങിയവ കാരണങ്ങളാല്‍ 29 ശതമാനം അപകടങ്ങളാണ് നടക്കുന്നത്.

മാത്രമല്ല മൊത്തം അപകടങ്ങളില്‍ 23 ശതമാനം ദേശീയ പാതകളിലും 20 ശതമാനം സംസ്ഥാനപാതകളിലും 57ശതമാനം ജില്ല, ഗ്രാമ, നഗര മേഖലകളിലെ റോഡുകളിലുമാണ് നടക്കുന്നത്. വിഭജിക്കാത്തതും ഒറ്റവരിയുമായ പാതകള്‍, ഇടുങ്ങിയ റോഡുകളില്‍ വാഹന സാന്ദ്രത വര്‍ധിക്കുന്നതിലേക്ക് നയിക്കുന്ന ഉയര്‍ന്ന ജനസാന്ദ്രത, അക്ഷമരായ ഡ്രൈവര്‍മാരും എപ്പോഴും തിരക്കുകൂട്ടുന്നവരും ഇതെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രിയില്‍ അപകടങ്ങളുടെ എണ്ണം കുറവാണെങ്കിലും പകലിനെ അപേക്ഷിച്ച് അപകടങ്ങളുടെ തീവ്രത രാത്രിയില്‍ കൂടുതലാണ്. തിരക്ക് കുറവായതിനാലും അമിതവേഗത സാധാരണമായതിനാലും രാത്രികാലങ്ങളില്‍ വലിയൊരു ശതമാനം അപകടങ്ങളും മണിക്കൂറുകളോളം ശ്രദ്ധിക്കപ്പെടാതെ പോവുകയും ആശുപത്രിയില്‍ എത്തിക്കാൻ വൈകുന്നത് കൊണ്ടും മരണങ്ങളും കൂടുന്നു. വെറും മിനിറ്റുകള്‍ക്ക് ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്ന പ്രധാന കാര്യം.

Back to top button
error: