തിരുവനന്തപുരം : കാപ്പ കേസിൽ അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കഠിനംകുളം പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. കഠിനംകുളം ചിറയ്ക്ക സ്വദേശി സജീറാണ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തടയാൻ ശ്രമിച്ച പൊലീസുകാരനെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് കഠിനംകുളം പൊലീസ് കാപ്പാ കേസിലെ പ്രതി സജീറിനെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ തടയാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫീസർ അനന്തകൃഷ്ണനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇതിന് ശേഷം കത്തികൊണ്ട് സ്വയം മുറിവേൽപ്പിച്ചു. സ്റ്റേഷനിലുണ്ടായ മറ്റ് പൊലീസുകാർ സജീറിനെ കീഴ്പ്പെടുത്തുകയായിരുന്നു. രണ്ടുപേരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ല. നിരവധിക്കേസുകളിൽ പ്രതിയായ സജീറിനെ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് കാപ്പാ നിയമപ്രകാരം കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സ നൽകിയ ശേഷം സജീറിനെ കോടതിയിൽ ഹാജരാക്കി. ജയിലേക്ക് മാറ്റി.