KeralaNEWS

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന

ആലപ്പുഴ: ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എയും സിനിമ-സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിർവഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. വള്ളംകളിയെക്കുറിച്ചുള്ള കുട്ടിക്കാല ഓർമകൾ ചേർത്തലക്കാരികൂടിയായ നടി ഗായത്രി പങ്കുവെച്ചു. വള്ളംകളിയുടെ ചിഹ്നം പതിച്ച തൊപ്പി അച്ഛൻ കൊണ്ടുവരുന്നതിനായി കുട്ടിക്കാലത്ത് കാത്തിരുന്നിട്ടുണ്ടെന്നും അവർ ഓർത്തു.

Signature-ad

ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പിൽ പി. ദേവപ്രകാശാണ് (ആർട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 250 ഓളം എൻട്രികളാണ് ലഭിച്ചത്. ചിത്രകാരൻമാരായ സതീഷ് വാഴവേലിൽ, സിറിൾ ഡോമിനിക്, ടി. ബേബി എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

ചടങ്ങിൽ എൻ.ടി.ബി.ആർ. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ സൂരജ് ഷാജി, നഗരസഭ കൗൺസിലർ സിമി ഷാഫി ഖാൻ, സുവനീർ കമ്മറ്റി കൺവീനറായ എ.ഡി.എം. എസ്. സന്തോഷ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, ഇൻഫാസ്ട്രക്ചർ കമ്മറ്റി കൺവീനർ എം.സി. സജീവ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എബി തോമസ്, കെ. നാസർ, റോയ് പാലത്ര, എ. കബീർ, രമേശൻ ചെമ്മാപറമ്പിൽ, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

 

 

Back to top button
error: