കരിയറിന്റെ ആരംഭകാലത്ത് മറുഭാഷാ സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യം കാട്ടാതിരുന്ന നടനാണ് ഫഹദ് ഫാസില്‍. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പക്ഷേ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ഫഹദിനെത്തേടി അവിടെനിന്ന് അവസരങ്ങള്‍ ഏറെയെത്തി. ഭാഷ നോക്കാതെ ശ്രദ്ധേയ പ്രോജക്റ്റുകളുടെ ഭാഗമാവാന്‍ ഫഹദ് തീരുമാനിച്ചത് സമീപ വര്‍ഷങ്ങളിലാണ്. വിക്രം, പുഷ്പ തുടങ്ങി തമിഴിലും തെലുങ്കിലും വമ്പന്‍ പ്രോജക്റ്റുകളുടെ ഭാഗമായ ഫഹദ് അവിടങ്ങളിലെ സിനിമാ മേഖലകളുടെയും പ്രേക്ഷകരുടെയും സ്നേഹ ബഹുമാനങ്ങളും നേടി. തമിഴ് ചിത്രം മാമന്നന് ആണ് ഫഹദിന്റേതായി ഒടുവില്‍ പുറത്തെത്തിയ മറുഭാഷാ ചിത്രം. അടുത്ത് വരാനിരിക്കുന്നത് പുഷ്പ 2 ആണ്. ഇപ്പോഴികാ പുഷ്പ 2 ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. ട്രാക്ക് ടോളിവുഡിന്റെ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2 ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലം 6 കോടിയാണ്. ആദ്യ ഭാഗത്തിലെ അഭിനയത്തിന് ഫഹദിന് ലഭിച്ചത് 5 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അല്ലു അര്ജുന് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡിഎസ്പി).