SportsTRENDING

ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ഐസിസി

ദുബായ്: ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ഐസിസി. സെപ്റ്റംബർ അഞ്ചിന് മുമ്പ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ ടീം അംഗങ്ങളുടെ പട്ടിക സമർപ്പിക്കണമെന്നാണ് ഐസിസി നിർദേശിച്ചിരിക്കുന്നത്.

ടീം അംഗങ്ങളുടെ പട്ടിക സമർപ്പിച്ചശേഷം ഏതെങ്കിലും താരത്തിന് പരിക്കേൽക്കുകയോ കളിക്കാൻ കഴിയാത്ത സാഹചര്യം വരികയോ ചെയ്താൽ ഐസിസി അനുമതിയോടെ മാത്രമെ പകരം കളിക്കാരനെ പ്രഖ്യാപിക്കാനാവു. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഓഗസ്റ്റ് 31 മുതൽ ഏഷ്യാ കപ്പ് തുടങ്ങുമെന്നതിനാൽ ഏഷ്യാ കപ്പ് ടീമിലുൾപ്പെടുന്ന താരങ്ങളെല്ലാം ലോകകപ്പ് ടീമിലും ഇടം നേടാൻ സാധ്യതയുണ്ട്.

ഏഷ്യാ കപ്പിന് മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ പരമ്പരയിൽ തിളങ്ങിയാൽ മലയാളി താരം സഞ്ജു സാംസണും ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരമുണ്ട്. പേസർ ജസ്പ്രീത് ബുമ്ര, ബാറ്റർ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർക്കും സെപ്റ്റംബർ അഞ്ചിന് മുമ്പ് കായികക്ഷമത തെളിയിച്ച് തിരിച്ചെത്തിയാൽ മാത്രമെ ലോകകപ്പ് ടീമിൽ ഇടം നേടാനാവു.

ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബുമ്ര ബൗളിംഗ് പരിശീലനം തുടങ്ങിയിട്ടുണ്ട്. എഴ് എട്ടോവറുകൾ തുടർച്ചയായി എറിയാൻ ഇപ്പോൾ ബുമ്രക്ക് കഴിയുന്നുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട20 പരമ്പരക്ക് പിന്നാലെ ഇന്ത്യൻ ടീം ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ അയർലൻഡിനെതിരെ ടി20 പരമ്പരയിൽ കളിക്കും. മൂന്ന് മത്സരങ്ങളാകും പരമ്പരയിലുണ്ടാകുക. ഈ പരമ്പരയിൽ ബുമ്രയും രാഹുലും ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. അയർലൻഡിനെതിരെ കളിച്ച് കായികക്ഷമത തെളിയിച്ചാൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും ഇരുവരും ഉൾപ്പെടും. രാഹുൽ ബാറ്റിംഗ് പരിശീലനം തുടങ്ങിയെങ്കിലും ശ്രേയസിൻറെ കാര്യത്തിൽ ഇന്ത്യക്കിപ്പോഴും ആശങ്കയുണ്ട്.

Back to top button
error: