കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകന്റെ മരണത്തിനു പിന്നാലെ ബംഗാളിലെ മാല്‍ഡ ജില്ലയിലെ മട്‌നാവതി പ്രദേശത്തു സംഘര്‍ഷാവസ്ഥ. 62 വയസ്സുകാരനായ ബുരാന്‍ മുര്‍മുവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. എന്നാല്‍, മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു മുര്‍മുവിന്റെ മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നു മരുമകള്‍ ഷര്‍മില മുര്‍മു. എന്നാല്‍ ഷര്‍മില പരാജയപ്പെട്ടു. ഇതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകനായ ബുരാന്‍ മുര്‍മുവിനെ കൊല്ലാന്‍ ഷര്‍മില ഗൂഢാലോചന നടത്തിയെന്നാണു പ്രദേശവാസികള്‍ ആരോപിക്കുന്നത്.
ഷര്‍മില തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബുരാനെ ഉപദ്രവിച്ചിരുന്നെന്നു ബിജെപി എംപി കാഖെന്‍ മുര്‍മു ആരോപിച്ചു. എന്നാല്‍, ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മകന്‍ ബിപ്ലവിനെയും മരുമകളെയും ചോദ്യംചെയ്തതിനു പിന്നാലെ മാത്രമേ എന്താണു സംഭവിച്ചതെന്നതില്‍ വ്യക്തത വരികയുള്ളുവെന്നു പോലീസ് പറഞ്ഞു.