KeralaNEWS

”മദ്യവും അരിയും കടത്ത്, കൊറിയര്‍ സര്‍വീസുള്ള ഡ്രൈവര്‍മാര്‍; സ്വിഫ്്്റ്റിനെ എതിര്‍ക്കുന്നത് അവര്‍”

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ ഒരുവിഭാഗം ജീവനക്കാര്‍ക്കും ചില തൊഴിലാളി നേതാക്കള്‍ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍.

പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റിനെ കെ.എസ്.ആര്‍.ടി.സി.യുടെ അന്തകനായി ചിത്രീകരിക്കുന്നത് ജീവനക്കാരില്‍ അരക്ഷിതബോധം വളര്‍ത്താനാണ്. സ്വിഫ്റ്റ് വന്നതില്‍ സങ്കടമുള്ളത് കെ.എസ്.ആര്‍.ടി.സി.യിലെ കള്ളക്കടത്തുകാര്‍ക്കാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യിലെ പ്രശ്‌നങ്ങളും പരിഷ്‌കാരങ്ങളും വിവരിച്ച് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച രണ്ടാമത്തെ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

Signature-ad

മാഹിയില്‍നിന്ന് മദ്യവും നാഗര്‍കോവിലില്‍നിന്ന് അരിയും കടത്തുന്ന ജീവനക്കാര്‍ക്കാണ് സ്വിഫ്റ്റുകൊണ്ട് നഷ്ടമുണ്ടാകുന്നത്. സ്വന്തമായി കൊറിയര്‍സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരുണ്ട്. ബംഗളൂരുവില്‍നിന്ന് സാധനം വാങ്ങി ഇവിടെ കച്ചവടം നടത്തുന്നവരുമുണ്ട്. 10,000 രൂപയുടെ സാധനം 2000 രൂപയ്ക്ക് കടത്തിത്തരാമെന്ന് ഒരു ഡ്രൈവര്‍ പറഞ്ഞതിന്റെ പരാതി മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. സ്വിഫ്റ്റിലുള്ളവരും പുണ്യവാളന്മാരല്ല. അതുകൊണ്ടാണ് ഇടയ്ക്കിടെ പരിശോധന നടത്തുന്നത്.

കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാരന് നല്‍കുന്നതിന്റെ 40 ശതമാനം വേതനം കുറവാണ് സ്വിഫ്റ്റില്‍. സോഷ്യലിസ്റ്റ് നയമനുസരിച്ച് ഇത് ശരിയാണോയെന്ന് ചോദിക്കുന്നവരുണ്ടാകും. അത് പറയുന്നവര്‍ ചൈനയില്‍പ്പോയി നോക്കണം. മനുഷ്യന് ആദ്യം വേണ്ടത് സ്ഥിരം ജോലിയല്ല, ജോലിയാണ്. അത് കഴിഞ്ഞാണ് സാമൂഹികസുരക്ഷ. ആദ്യം സാമൂഹികസുരക്ഷ നോക്കിപ്പോയാല്‍ ഒരിടത്തും വ്യവസായം വരില്ല. അതിന് ചൈന തന്നെയാണ് ഉദാഹരണം.

പുതിയ ബസുകള്‍ ലാഭകരമായ റൂട്ടില്‍ ഓടിക്കുന്നത് ഏതൊരു മാനേജ്മെന്റിന്റെയും തത്ത്വമാണ്. ഒത്തുപിടിച്ചാല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ അദ്ഭുതങ്ങളുണ്ടാക്കാമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

”നിങ്ങള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുക” എന്ന ആമുഖക്കുറിപ്പോടെയാണ് വീഡിയോ തുടങ്ങുന്നത്. കെ.എസ്.ആര്‍.ടി.സിയെ ലാഭകരമാക്കാനാണ് പുനരുദ്ധാരണ പദ്ധതി കൊണ്ടുവന്നത്. ദീര്‍ഘദൂര ബസുകള്‍ക്ക് ഏകനിയന്ത്രണ കേന്ദ്രം കൊണ്ടുവരുകയെന്നത് ഇതിലുള്ളതാണ്.

സബ്സിഡറി യൂണിറ്റ് രൂപവത്കരിക്കുമ്പോള്‍, അതിനും കെ.എസ്.ആര്‍.ടി.സിയുടെ വ്യവസ്ഥകളാകും ബാധകമാകുകയെന്ന് നിയമവകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടി. അങ്ങനെയാണ് സ്വിഫ്റ്റ് രൂപവത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വിഫ്റ്റ് കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധമില്ലാത്ത പൂര്‍ണമായും സ്വതന്ത്ര കമ്പനിയാണ്. പ്രവര്‍ത്തന സഹകരണമാണുള്ളത്. ദീര്‍ഘദൂര റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി.ക്കാണ് സര്‍വീസ് നടത്താനാകുക. ഈ പെര്‍മിറ്റിലാണ് സ്വിഫ്റ്റും ഓടുന്നത്. പെര്‍മിറ്റ് സ്വിഫ്റ്റിന് കൈമാറുന്നത് യൂണിയനുകള്‍ എതിര്‍ത്തതിനാലാണ് കെ.എസ്.ആര്‍.ടി.സി.യുടെ പെര്‍മിറ്റില്‍ത്തന്നെ ഓടാന്‍ തീരുമാനിച്ചത്. സ്വിഫ്റ്റിന്റെ വരുമാനവും കെ.എസ്.ആര്‍.ടി.സി.ക്കാണ്.

പുരോഗമനപരമായ കാര്യം ഏതെങ്കിലും റിപ്പോര്‍ട്ടില്‍ പറഞ്ഞാല്‍ ഇവിടത്തെ സര്‍വീസ് സംഘടനകളും മറ്റുള്ളവരും അതിനെ അറബിക്കടലില്‍ തള്ളുകയെന്നത് സ്ഥിരമാണ്. സ്വിഫ്റ്റ് കാരണം ആര്‍ക്കെങ്കിലും തൊഴില്‍നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും ബിജു പ്രഭാകര്‍ ചോദിച്ചു.

 

Back to top button
error: