ശ്രീനഗര്‍: ആരോഗ്യ പരിചരണ രംഗത്ത് സുപ്രധാന കണ്ടുപിടുത്തവുമായി കശ്മീരി യുവാവ്. അടിയന്തിര ഘട്ടങ്ങളില്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സുരക്ഷിതമായി രക്തമെത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് അബാന്‍ ഹബീബ് എന്ന യുവാവ്. രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ് എന്ന് ഹബീബ് പറയുന്നു.
വര്‍ഷങ്ങളുടെ ശ്രമഫലമാണ് ഈ കണ്ടുപിടുത്തം. പ്രകൃതി ദുരന്തങ്ങള്‍ മൂലം ഒറ്റപ്പെട്ടു പോകുന്ന പ്രദേശങ്ങളില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. 2014ല്‍ കശ്മീരില്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ ഒറ്റപ്പെട്ടയിടങ്ങളിലെ ആശുപത്രികളില്‍ രക്തം എത്തിക്കാനുള്ള പ്രയാസം നേരിട്ട് കണ്ടിരുന്നു. അന്ന് മനസില്‍ ഉണ്ടായ ചില ചിന്തകളാണ് ഈ കണ്ടുപിടുത്തത്തിലേക്ക് തന്നെ നയിച്ചതെന്ന് ഹബീബ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
രക്തമെത്തിക്കാന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താമെന്ന് ശരിയായ രീതിയില്‍ പരീക്ഷിച്ച് വിജയിച്ചു. ഹിമാചല്‍ പ്രദേശിലായിരുന്നു ആദ്യഘട്ട പരീക്ഷണങ്ങള്‍. അവിടെ പ്രധാന ആശുപത്രിയെ 25 പ്രാദേശിക ആശുപത്രികളുമായി ഉപഗ്രഹ സാങ്കേതിക വിദ്യ മുഖേന ബന്ധിപ്പിച്ചു. 70ല്‍ അധികം കിലോമീറ്ററുകള്‍ താണ്ടി രക്തമെത്തിക്കാന്‍ പരീക്ഷണ കാലയളവില്‍ സാധിച്ചുവെന്നും ഹബീബ് അവകാശപ്പെടുന്നു.
ഷിംലയില്‍ നിന്നും ചണ്ഡീഗഢിലേക്ക് രക്തമെത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചതും വിജയമായിരുന്നു. രക്തം മാത്രമല്ല, അവശ്യ മെഡിക്കല്‍ ഉപകരണങ്ങളും അടിയന്തര ഘട്ടങ്ങളില്‍ കൈമാറ്റം ചെയ്യാന്‍ ഡ്രോണ്‍ ഉപയോഗിക്കാവുന്നതാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇവയ്ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കും.
രക്തമെത്തിക്കാന്‍ ഡ്രോണ്‍ എന്ന ആശയത്തെ വ്യാവസായികമായി പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് അബാന്‍ ഹബീബ്. ഇതുവഴി നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും അബാന്‍ കണക്ക് കൂട്ടുന്നു.