HealthNEWS

അസംബന്ധം; കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില വിഷമാകില്ല

ർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. കർക്കിടകത്തിൽ മുരിങ്ങയിലയെ അകറ്റി നിർത്തുന്നത് എന്തിനാണെന്ന് അറിയണ്ടേ..?
പണ്ടുകാലങ്ങളിൽ മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു.കാരണം, ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അതിന്റെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു.
അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങിനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ .ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്.
എന്നാൽ ഇതിലെ വാസ്തവം എന്താണ് ? അതായത് കിണറ്റിലെ വെള്ളത്തിന്റെ വിഷാംശം നീക്കി ശുദ്ധമാകാനാണ് മുരിങ്ങ കിണറിന്റെ കരയിൽ നടുന്നത് എന്നാണ് വിശ്വാസം. ഇതിനാലാണ് മുരിങ്ങ കര്‍ക്കിടകത്തില്‍ വിഷമാകുന്നതെന്നു പറഞ്ഞാല്‍ ഏതു കാലത്തും കിണറ്റിലെ വിഷാംശം വലിച്ചെടുക്കാന്‍ മുരിങ്ങയ്ക്കു കഴിഞ്ഞാല്‍ ഏതു കാലത്തും ഇതില്‍ വിഷാംശം ഉണ്ടാകുമെന്ന് തന്നെയല്ലേ അര്‍ത്ഥം. അതായത് ഏതു കാലത്തും ഇത് കഴിയ്ക്കാന്‍ പാടില്ലെന്നതു തന്നെ ! ഇതിനാല്‍ തന്നെ ഈ വാദത്തില്‍ കഴമ്പില്ലെന്നു വേണം, പറയാന്‍. കിണറ്റിന്‍ കരയില്‍ പണ്ട് മുരിങ്ങ നട്ടിരുന്നതിന്റെ അടിസ്ഥാനം വിഷം വലിച്ചെടുക്കുന്നതല്ല, നല്ല നനവ് ലഭിയ്ക്കുന്നതിനായാണ്.
വാസ്തവത്തില്‍ കര്‍ക്കിടക്കാലത്ത് മുരിങ്ങയില കഴിയ്ക്കാതിരിയ്ക്കാന്‍ പറയുന്നതിന്  ആരോഗ്യപരമായ കാരണം മറ്റൊന്നാണ്.നാരുകൾ കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന മുരിങ്ങയില നല്ല ശോധന നൽകുന്ന ഒന്നാണ്.ഇതില്‍ നിയിസിമൈന്‍ എന്ന പേരിലെ ഒരു രാസപദാര്‍ത്ഥമുണ്ട്. ഇതാണ് നല്ല ശോധന നല്‍കാന്‍ ഫൈബറുകള്‍ക്കൊപ്പം നമ്മെ സഹായിക്കുന്നത്. കര്‍ക്കിടകത്തില്‍ ആ കാരണം കൊണ്ടു തന്നെ നമുക്ക് വയറിളക്കം പോലുള്ള അവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുവേ ഇത്തരം രോഗാവസ്ഥകള്‍ക്കു സാധ്യതയുള്ള സമയം കൂടിയാണ് മണ്‍സൂണ്‍. ഇതുകൊണ്ടു കൂടിയാണ് കര്‍ക്കിടകത്തില്‍ മുരിങ്ങയില നിഷിദ്ധം എന്ന രീതി പണ്ടു മുതല്‍ പിന്‍തുടര്‍ന്ന് വന്നിരുന്നത്.
അതേപോലെ  മുരിങ്ങയിലയിൽ സെല്ലുലേസ് അടങ്ങിയിട്ടുണ്ട്. ബാക്കിയെല്ലാ ഇലക്കറികളിലും ഈ സെല്ലുലേസ് കുറഞ്ഞ അളവിലേ ഉള്ളൂ. എന്നാല്‍ മുരിങ്ങായിലയില്‍ കൂടിയ തോതില്‍ ഇത് അടങ്ങിയിട്ടുണ്ട് . ഇത് മഴക്കാലത്ത് ദഹനം കൂട്ടി വയറിളക്കം പോലുള്ള അസുഖങ്ങൾ വരുന്നതിനു കാരണമാകുന്നു.
അതിനാൽത്തന്നെ ദഹന പ്രശ്‌നങ്ങളും വയറിന്റെ ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്തവര്‍ക്ക് മുരിങ്ങയില കര്‍ക്കിടത്തിലെന്നല്ല, ഏതു കാലത്തിലും കഴിയ്ക്കാം. നല്ലതു പോലെ വേവിച്ചു കഴിയ്ക്കണം എന്നു മാത്രം.

Back to top button
error: