ചണ്ഡീഗഡ്: ജലന്ധര്‍ രൂപത അധ്യക്ഷ പദവി രാജിവെച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് യാത്രയയപ്പ്. ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തിഡ്രല്‍ പള്ളിയില്‍ വെച്ചാണ് യാത്രയയപ്പ് ചടങ്ങ് നടക്കുന്നത്. പള്ളിയില്‍ നടക്കുന്ന കുര്‍ബാനയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് അഗ്‌നേലോ ഗ്രേഷ്യസ് സര്‍ക്കുലര്‍ ഇറക്കി.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റവിമുക്തനായെങ്കിലും വത്തിക്കാന്‍ നിര്‍ദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞത്. വിധിക്കെതിരായ അപ്പീല്‍ നിലനില്‍ക്കെയാണ് രാജി. ബിഷപ്പ് ഫ്രാങ്കോയുടെ രാജി ശിക്ഷാനടപടിയുടെ ഭാഗമല്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാന്‍ തീരുമാനിച്ചെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വിഡിയോ സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വച്ച് 2014 മുതല്‍ 2016വരെ പതിമൂന്ന് തവണ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്. 2017 മാര്‍ച്ചില്‍ പീഡനം സംബന്ധിച്ച പരാതി കന്യാസ്ത്രി മദര്‍ സുപ്പീരിയറിന് നല്‍കി. നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ജൂണ്‍ 27ന് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പിറ്റേ ദിവസം തന്നെ പോലീസ് കേസെടുത്തു.
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. പിന്നീട്, തെളിവുകളുടെ അഭാവത്തില്‍ കോട്ടയം അഡീഷല്‍ സെന്‍ഷന്‍ കോടതി ഫ്രാങ്കോയെ വെറുതെവിട്ടു. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.