ഇടുക്കി: പനംകുട്ടിയില്‍ വീടിന് മുകളിലേക്ക് കെഎസ്‌ഇബിയുടെ കരാര്‍ ലോറി മറിഞ്ഞിട്ട് അഞ്ച് ദിവസമായെങ്കിലും നീക്കാൻ നടപടിയില്ല.സംഭവത്തിൽ പോലീസിനെ സമീപിച്ചതോടെ വീട്ടിൽ നിന്നും മാറിത്താമസിക്കാൻ നിർദ്ദേശം.
വീടിന് മുകളിലേക്ക് മറിഞ്ഞ കെഎസ്‌ഇബി ലോറി അഞ്ച് ദിവസമായിട്ടും മാറ്റാത്തതോടെ ദുരിതത്തില്‍ ആയിരിക്കുകയാണ് ഇടുക്കി പനംകുട്ടിയിലെ വിശ്വംഭരനും കുടുംബവും.പോലീസിനെ സമീപിച്ചതോടെ വീട്ടില്‍ നിന്നും മറ്റെങ്ങോട്ടെങ്കിലും താമസം മാറ്റാൻ ആവശ്യപ്പെട്ടെന്ന് വിശ്വംഭരൻ പറയുന്നു.
കഴിഞ്ഞ അഞ്ചു ദിവസവും വിശ്വംഭരനും കുടുംബവും കഴിഞ്ഞത് ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിനുള്ളിലായിരുന്നു.വീടിന് മുകളിലേക്ക് വീണ ലോറി ഇതുവരെ മാറ്റിയിട്ടില്ല. മതിയായ നഷ്ടപരിഹാരം നല്‍കാൻ കെഎസ്‌ഇബിയും കരാറുകാരും തയ്യാറാകുന്നില്ലെന്നാണ് വിശ്വംഭരൻ പറയുന്നത്. ലോറി കരാറുകാരന്റെതാണെന്ന് പറഞ്ഞ കെഎസ്‌ഇബി കൈയൊഴിഞ്ഞപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന വീടിനുള്ളില്‍ ഈ മഴയില്‍ എങ്ങനെ കഴിയും എന്നാണ് വിശ്വംഭരന്റെ ചോദ്യം.
ലോറി കൊണ്ടുപോകേണ്ട കരാറുകാരൻ ആണെങ്കില്‍ ഇതുവരെ എത്തിയിട്ടുമില്ല.പോലീസിനെ സമീപിച്ചപ്പോൾ മറ്റെങ്ങോട്ടെങ്കിലും മാറി താമസിക്കാനായിരുന്നു നിർദ്ദേശമെന്നും വിശ്വംഭരൻ പറയുന്നു.