ഇരുവരുടെ തിരോധാനം ബിക്കാനീര്‍ ജില്ലയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ലൗ ജിഹാദ് ആരോപിച്ച് ശ്രീ ദുൻഗര്‍ഗഡ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദിവസങ്ങളായുള്ള അന്വേഷണത്തിനൊടുവില്‍ ഇരുവരേയും ചെന്നൈയില്‍ നിന്നും കണ്ടെത്തുകയായിരുന്നുവെന്ന് ബിക്കാനീര്‍ ഇൻസ്‌പെക്ടര്‍ ജനറല്‍ ഓംപ്രകാശ് പറഞ്ഞു.
ജൂലൈ 1-നാണ് ശ്രീ ദുൻഗര്‍ഗഡ് ടൗണിലെ സ്വകാര്യ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതാവുന്നത്. അന്നേദിവസം തന്നെ ഇതേ സ്‌കൂളിലെ 21കാരിയായ നിദ ബഹ്ലീം എന്ന അധ്യാപികയെയും കാണാതായിരുന്നു. അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ അധ്യാപികക്കെതിരേയും അവരുടെ കുടുംബത്തിനെതിരേയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അതിനിടെ, അധ്യാപികയുടെ കുടുംബം തന്‍റെ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ്, ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്നും പരസ്പരം സ്നേഹിക്കുന്നു, മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ കഴിയില്ലെന്നും കേസ് പിന്‍വലിക്കണമെന്നും പറയുന്ന 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും ചെന്നൈയില്‍ നിന്നും ബുധനാഴ്ച കണ്ടെത്തിയതെന്ന് പൊലീസ് വിശദീകരിച്ചു.