KeralaNEWS

നദികളിലും തോടുകളിലും ഒഴുക്കു ശക്തമായതോടെ ഊത്തപിടിത്തവും !!

പത്തനംതിട്ട:നദികളിലും തോടുകളിലും ഒഴുക്കു ശക്തമായതോടെ ഊത്തപിടിത്തവും സജീവമായി. പമ്ബ, അച്ചൻകോവില്‍, പുത്തനാറ്, നദികളുടെ തീരങ്ങളിലും തോടുകളിലുമാണ് ഊത്തപിടിത്തം നടക്കുന്നത്.
ശക്തമായ വെള്ളത്തിന്റെ വരവില്‍ ഒഴുകിയെത്തുന്ന പുഴമീനുകളെ പിടിക്കുന്നതാണ് ഊത്തപിടിത്തം. വീശുവലയും ചൂണ്ടയുമായി നിരവധി പേരാണ് ഊത്തപിടിക്കാനിറങ്ങിയത്. ഈ വര്‍ഷം ശക്തമായ മഴ ഇല്ലാതിരുന്നതുകാരണം മീൻപിടിത്തം കുറവായിരുന്നു.

രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമായതോടെ പരല്‍, കുറുവ, തൂളി, വാള തുടങ്ങിയ മത്സ്യങ്ങള്‍ ഇഷ്ടംപോലെ നദികളിലും തോടുകളിലും കാണപ്പെടുന്നുണ്ട്. ഇവയെ വലവീശി പിടിച്ച്‌ സ്വന്തം ആവശ്യത്തിനുപയോഗിക്കുകയും മത്സ്യച്ചന്തകളിലും മറ്റും വില്‍ക്കുകയും ചെയ്യും.

പുതുമഴയിൽ വീടിനടുത്തെ ജലാശയങ്ങളിലും വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരുന്നത് മൺസൂൺ തുടക്കത്തിലെ പതിവു കാഴ്‌ചയാണ്.തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. മീൻ പിടിക്കുന്നതിനെ ഊത്ത പിടുത്തം എന്നും.എന്നാൽ ഊത്തപിടുത്തം നിയമവിരുദ്ധമാണ്.

പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടൻ മത്സ്യങ്ങളും ഇന്നു വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണ്.

Signature-ad

പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ & ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു.അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്നതാണ്.

 

ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.

Back to top button
error: