KeralaNEWS

സംസ്ഥാനത്താകെ അതിശക്തമായ മഴ തുടരുന്നു; പലയിടത്തും ഗതാഗതം മുടങ്ങി

പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ പലയിടത്തും ഗതാഗതം മുടങ്ങി.മിക്ക ജില്ലകളിലും നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെരിങ്ങാവില്‍ കനത്തമഴയിലും കാറ്റിലും വൻ മരംവീണ് തൃശൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. കോട്ടയം വെച്ചൂര്‍ ഇടയാഴത്ത് വീട് ഇടിഞ്ഞുവീണു. ഇടയാഴം സ്വദേശി സതീശന്റെ വീടാണ് ഇടിഞ്ഞുവീണത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

Signature-ad

എറണാകുളം പനങ്ങാട് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം വീണതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്.കൊല്ലത്ത് റയിൽവെ ട്രാക്കിൽ മരം വീണ് കൊല്ലം-പുനലൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം മുടങ്ങി.

 

എറണാകുളം, ആലപ്പുഴ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍ഗോട്ട് കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.കാസര്‍ഗോഡ് ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോരമേഖലാ റോഡുകളിലൂടെ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

 

ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

Back to top button
error: